തിരുവനന്തപുരം: ഇന്ധന സെസിലും നികുതി വര്‍ധനകളിലും പ്രതിഷേധിച്ച് നിയമസഭയില്‍ പ്രത്യക്ഷ സമരം തുടങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. നാല് എംഎല്‍എമാര്‍ സഭാ കവാടത്തില്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. ഷാഫി പറമ്ബില്‍, സിആര്‍ മഹേഷ്, മാത്യു കുഴല്‍ നാടന്‍, നജീബ് കാന്തപുരം എന്നിവരാണ് സത്യഗ്രഹ സമരം ഇരിക്കുന്നത്. അതിനിടെ, ഇന്ധനസെസ് രണ്ടുരൂപയില്‍ നിന്ന് കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് ഇടത് എംഎല്‍എമാര്‍ പറഞ്ഞിട്ടാണെന്ന് ധനമന്ത്രി പുറത്തുപറയണമെന്ന് കെ.ബി.ഗണേശ് കുമാര്‍. അല്ലെങ്കില്‍ നിയമസഭയ്ക്കുള്ളില്‍ സത്യഗ്രഹമിരിക്കുന്ന യുഡിഎഫ് എംഎല്‍എമാര്‍ അതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കുമെന്നും ഗണേശ് ചൂണ്ടിക്കാട്ടി. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നികുതി ഏര്‍പ്പെടുത്തുന്നത് ജനങ്ങള്‍ക്കുള്ള ക്ഷേമത്തിന് വേണ്ടി തന്നെയാണ്. അതാരും വീട്ടില്‍ കൊണ്ടുപോകില്ല. എന്നാല്‍ എനിക്ക് ചില നിര്‍ദ്ദേശങ്ങള്‍ വെയ്ക്കാനുണ്ട്. വര്‍ധിപ്പിച്ച ഇന്ധന സെസ് രണ്ടുരൂപയില്‍ നിന്ന് ഒരു രൂപയായി കുറയ്ക്കുമെന്ന് കഴിഞ്ഞ രണ്ടു ദിവസമായി മാധ്യമങ്ങള്‍ പറയുന്നുണ്ട്. അങ്ങനെ വല്ലതും കുറയ്ക്കുകയാണെങ്കില്‍ ഞങ്ങള്‍ പറഞ്ഞിട്ടാണ് സര്‍ക്കാര്‍ കുറച്ചതെന്ന് പറയാന്‍ വേണ്ടിയാണ് യുഡിഎഫ് എംഎല്‍എമാര്‍ സത്യഗ്രഹം ഇരിക്കുന്നത്. അതിനേക്കാള്‍ ഒരു മുഴം മുമ്ബേ എറിയുന്നവരാണ് ഇടത് എംഎല്‍എമാര്‍. അതുകൊണ്ട് മന്ത്രി ഈ നിര്‍ദ്ദേശം കേള്‍ക്കണം. സെസില്‍ എന്തെങ്കിലും കുറയ്ക്കുന്നുണ്ടെങ്കില്‍ ആ സമരം കൊണ്ടല്ല, ഇടത് എംഎല്‍എമാര്‍ പറഞ്ഞിട്ടാണ് കുറച്ചതെന്ന് പറയണം’, ഗണേശ് കുമാര്‍ പറഞ്ഞു.
അടച്ചിട്ട വീടുകള്‍ക്ക് നികുതി പിരിക്കാനുള്ള തീരുമാനത്തില്‍ പ്രവാസികളെ ഒഴിവാക്കണമെന്നും ഗണേശ് കുമാര്‍ ആവശ്യപ്പെട്ടു. വിദേശത്തുള്ള പ്രവാസികള്‍ വീട് അടച്ചിട്ടിരിക്കുന്നത് അവര്‍ക്ക് വേണ്ടാഞ്ഞിട്ടല്ലെന്നും നാട്ടില്‍ വരുമ്ബോള്‍ താമസിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഇന്ധന സെസ് കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അനൗദ്യോഗികമായി സഭയില്‍ പറഞ്ഞു. ഇപ്പോള്‍ പറയേണ്ടെന്നും ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടിയായി പറഞ്ഞാല്‍ മതിയെന്നും ഗണേശ് മറുപടി നല്കി. ഇന്ധന സെസ് കുറയ്ക്കാതിരിക്കാനുള്ള ചതിയാണോ പ്രതിപക്ഷ സമരമെന്ന കാര്യം സൂക്ഷിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനവിരുദ്ധ ബജറ്റിനെതിരെ സഭയ്ക്കകത്തും പുറത്തും സമരം തുടരാനാണ് പ്രതിപക്ഷ തീരുമാനം. ബജറ്റ് പൊതു ചര്‍ച്ചക്ക് മുന്‍പേയാണ് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചത്. സഭക്ക് പുറത്തും വലിയ തോതില്‍ സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. നാളെ എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിക്കുന്നണ്ട്. 13 ന് യുഡിഎഫ് ജില്ലാ കേന്ദ്രങ്ങളില്‍ രാപ്പകല്‍ സമരം നടത്തും. ശക്തമായ സമരത്തിലൂടെ ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനയും സെസും പിന്‍വലിപ്പിക്കനാണ് പ്രതിപക്ഷ തീരുമാനം.
നേരത്തെ ഇന്ധന നികുതി വര്‍ധനവില്‍ നിയമസഭയില്‍ പ്രതിഷേധിച്ച പ്രതിഷേധം പ്ലക്കാര്‍ഡുകള്‍ ഏന്തിയാണ് രംഗത്തുവന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് തീവെട്ടിക്കൊള്ളയാണെന്ന് പ്രതിപക്ഷ വ്യക്തമാക്കി. ബാനര്‍ ഉയര്‍ത്തി പ്രതിഷേധിക്കാന്‍ പ്രതിപക്ഷ എംഎല്‍എമാര്‍ രംരഗത്തുവന്നു. പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നതോടെ ഫ്ളോറില്‍ പ്ലക്ക് ക്കാര്‍ഡുകള്‍ പാടില്ലെന്നും ചട്ടവിരുദ്ധമാണെന്നും സ്പീക്കര്‍. ചോദ്യോത്തരവേളയില്‍ സഹകരിക്കണമെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയിലെത്തിയിരുന്നത്.
സഭ ബഹിഷ്കരിച്ചാല്‍ അതിന്റെ ഗുണം ഭരണപക്ഷത്തിനാവുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഒരു വിഭാഗം എംഎല്‍എമാര്‍ പ്രതിഷേധിക്കുമ്ബോള്‍ മറ്റുള്ളവര്‍ ബജറ്റ് ചര്‍ച്ചയില്‍ അടക്കം സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുക എന്നതാണ് തീരുമാനം. വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കുന്ന കാര്യം സര്‍ക്കാറിന്‍െ പരിഗണനയിലുണ്ട്. ബുധനാഴ്ച ബജറ്റ് ചര്‍ച്ചയുടെ മറുപടിയിലാകും ധനമന്ത്രിയുടെ പ്രഖ്യാപനം. സാമൂഹ്യക്ഷേമ പെന്ഷന് 100 രൂപ വര്‍ധിപ്പിച്ച് പ്രതിഷേധം തണുപ്പിക്കണമെന്ന അഭിപ്രായവും എല്‍ഡിഎഫിന്റെ ഭാഗത്തുനിന്നുണ്ട്.

