മോസ്കോ / കീവ്: യുക്രെയ്ന്‍ പ്രസിഡന്‍റ് വോളോഡിമിര്‍ സെലെന്‍സ്കിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് യുക്രെയ്നെതിരായ സൈനിക നടപടികള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി.
അതേസമയം, റഷ്യയും യുക്രെയ്നും ക്രിസ്മസ് ദിനത്തിലും തലസ്ഥാനമായ കീവില്‍ മിസൈല്‍ ആക്രമണം തുടര്‍ന്നു.
സ്വീകാര്യമായ പരിഹാരങ്ങളെക്കുറിച്ച് ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണ്. പക്ഷേ അത് യുക്രൈനെ ആശ്രയിച്ചിരിക്കുന്നു. തങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിസമ്മതിക്കുന്നവരല്ലെന്നും അഭിമുഖത്തില്‍ പുടിന്‍ ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസവും തങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറായെന്നും എന്നാല്‍ യുക്രെയ്ന്‍ തടസം നിന്നെന്നും പുടിന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ റഷ്യയ്ക്കാണ് ചര്‍ച്ച ആവശ്യമില്ലാത്തതെന്നും പുടിന്‍ യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ച് വരണമെന്നും സെലെന്‍സ്കിയുടെ ഉപദേഷ്ടാവ് തിരിച്ചടിച്ചു.
യുക്രെയ്നിലെ ഉന്നത സൈനിക കമാന്‍ഡിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഖാര്‍കിവ് മേഖലയിലെ കുപിയാന്‍സ്ക് ജില്ലയില്‍ ഇന്നലെ മാത്രം പത്തിലധികം റോക്കറ്റ് ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. കുപിയാന്‍സ്ക്-ലൈമാന്‍ മേഖലയിലെ 25 നഗരങ്ങളില്‍ റഷ്യ ഷെല്ലാക്രമണം തുടരുകയാണെന്നും യുക്രെയ്ന്‍ അവകാശപ്പെട്ടു. വൈദ്യുതി നിലയങ്ങള്‍ക്ക് നേരെ റഷ്യ ആക്രമണം ശക്തമാക്കിയതിനാല്‍ യുക്രെയ്നിലെ മിക്ക പ്രദേശങ്ങളും ക്രിസ്മസ് ദിനത്തില്‍ ഇരുട്ടില്‍ ആയിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

