ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും എ.ബി. വാജ്പേയി ഉള്‍പ്പെടെയുള്ള മുന്‍പ്രധാനമന്ത്രിമാരുടെയും സ്മാരകങ്ങള്‍ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായാണ് രാഹുല്‍ തിങ്കളാഴ്ച രാവിലെ എട്ട് സമാധിസ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്. മഹാത്മാഗാന്ധി (രാജ്ഘട്ട്), ജവാഹര്‍ലാല്‍ നെഹ്രു (ശാന്തിവന്‍), ലാല്‍ബഹാദൂര്‍ ശാസ്ത്രി (വിജയ് ഘട്ട്), ഇന്ദിരാഗാന്ധി (ശക്തിസ്ഥല്‍), രാജീവ് ഗാന്ധി (വീരഭൂമി), എ.ബി. വാജ്പേയി (സദൈവ് അടല്‍), ചരണ്‍സിങ് (കിസാന്‍ ഘട്ട്), ബാബു ജഗ്ജീവന് റാം (സമതസ്ഥല്) എന്നിവിടങ്ങളിലാണ് രാഹുല്‍ പുഷ്പാര്‍ച്ചന നടത്തിയത്.
ജോഡോയാത്ര ചെങ്കോട്ടയില്‍ സമാപിച്ചശേഷം ശനിയാഴ്ച പരിപാടി നടത്താനായിരുന്നു തീരുമാനിച്ചത്. ചെങ്കോട്ടയിലെ പ്രസംഗം വൈകിയതോടെ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ബി.ജെ.പി.യും സംഘപരിവാറും രാജ്യത്ത് വിദ്വേഷവും ഭീതിയും വിതയ്ക്കുന്നു എന്ന് ജോഡോയാത്രയിലുടനീളം പ്രസംഗിച്ച രാഹുല്‍ വാജ്പേയിയുടെ സ്മാരകം സന്ദര്‍ശിച്ചത് ബി.ജെ.പി.ക്കുള്ള രാഷ്ട്രീയസന്ദേശമായാണ് വിലയിരുത്തുന്നത്.നെഹ്രുവിനെ ഇപ്പോഴത്തെ ബി.ജെ.പി. നേതൃത്വം നിരന്തരം വിമര്‍ശിക്കാറുണ്ട്. നെഹ്രുവിനെ ബഹുമാനത്തോടെ കണ്ടിരുന്ന നേതാവാണ് വാജ്പേയി. ബി.ജെ.പി.യിലെ സൗമ്യമുഖമായ വാജ്പേയിയെ പിന്തുണയ്ക്കുകവഴി പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കളുടെ നിലപാടിനെ പരോക്ഷമായി എതിര്‍ക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്.
വാജ്പേയിയുടെ അനുയായികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന വെങ്കയ്യ നായിഡു, രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി എന്നിവരെ കഴിഞ്ഞദിവസം ജയറാം രമേഷ് ജോഡോ യാത്രയിലേക്ക് ക്ഷണിക്കുകയുംചെയ്തിരുന്നു. ഗാന്ധിജിയുടെയും മുന്‍പ്രധാനമന്ത്രിമാരുടെയും സ്മാരകങ്ങള്‍ സന്ദര്‍ശിച്ചു

