ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് യോഗത്തില്‍ സംഘര്‍ഷം. മേയര്‍ തിരഞ്ഞെടുപ്പ് ബിജെപിക്ക് അനുകൂലമാക്കാനാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന എഎപിയുടെ ആരോപണം ശക്തമായിരിക്കെ ആണ് യോഗത്തില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായത്.
ആക്ടിംഗ് സ്പീക്കര്‍ സത്യ ശര്‍മ്മയുടെ നേതൃത്വത്തില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചതോടെയായിരുന്നു സംഘര്‍ഷാവസ്ഥ. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആദ്യം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് എഎപി അംഗങ്ങള്‍ പ്രതിഷേധം ആരംഭിച്ചത്. എഎപി, ബിജെപി അംഗങ്ങള്‍ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ഇതിനിടയില്‍ പരസ്പരം തള്ളുന്നതും ചിലര്‍ തറയില്‍ വീഴുന്നതും കാണാം.
ബി.ജെ.പിയിലെ 10 അംഗങ്ങളെ നോമിനേറ്റഡ് അംഗങ്ങളായി ലഫ്റ്റനന്റ് ഗവര്‍ണര്‍ മനഃപൂര്‍വം തിരഞ്ഞെടുത്തുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആരോപിച്ചു. നോമിനേറ്റഡ് അംഗങ്ങളെ തിരഞ്ഞെടുത്ത ശേഷം, ബിജെപി കൗണ്‍സിലര്‍ സത്യ ശര്‍മയെ ഇടക്കാല സ്പീക്കറായും ഗവര്‍ണര്‍ തിരഞ്ഞെടുത്തു.

