ഡല്‍ഹി: ഡല്‍ഹി വനിതാ കമീഷന് അധ്യക്ഷ സ്വാതി മാലിവാളിനെ ആക്രമിച്ച സംഭവത്തില്‍ പ്രതിക്ക് ജാമ്യം. പ്രതി ഹരീഷ് ചന്ദ്രക്കാണ് ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
അറസ്റ്റിലായി മൂന്നാം ദിവസമാണ് പ്രതിക്ക് ജാമ്യം അനുഭവിച്ചത്.
ലഭ്യമായ തെളിവുകളും സാഹചര്യവും കണക്കിലെടുത്ത് കുറ്റാരോപിതന് ജയിലില്‍ തുടരേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരിയുമായോ കുടുംബാംഗങ്ങളുമായോ സാക്ഷികളുമായോ ബന്ധപ്പെടാനോ അവരെ ഭീഷണിപ്പെടുത്താനോ തെളിവുകള്‍ നശിപ്പിക്കാനോ ശ്രമിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ ഡല്‍ഹി എയിംസ് ആശുപത്രിക്ക് സമീപമാണ് കേസിനാസ്പദമായ സംഭവം. 3.11ഓടെ എയിംസിനു സമീപമുള്ള നടപ്പാതയില്‍ നില്‍ക്കുകയായിരുന്ന സ്വാതിയോട് കാറിലെത്തിയ ഹരിഷ് ചന്ദ്ര കാറില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസിച്ചപ്പോള്‍ കാറോടിച്ച് മുന്നോട്ടുപോയ ഇയാള്‍ വീണ്ടും മടങ്ങിവന്ന് കാറില്‍ കയറാന്‍ നിര്‍ബന്ധിച്ചു.
സ്വാതി കൈ ചൂണ്ടി സംസാരിക്കുന്നതിനിടയില്‍ ഈ സമയം പ്രതി വിന്‍ഡോ ഗ്ലാസ് താഴ്ത്തി. സ്വാതിയുടെ കൈ ഗ്ലാസിനുള്ളില്‍ കുടുങ്ങി. 15മീറ്ററോളം സ്വാതി റോഡിലൂടെ വലിച്ചിഴക്കപ്പെട്ടു. ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നതായി സ്വാതിയുടെ പരാതിയില്‍ പറയുന്നു.

