ന്യൂഡല്‍ഹി: ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യ തലസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം.
6,000 സുരക്ഷാ ഉദ്യോഗസ്ഥരെയും, 150 സി.സി.ടി.വി കാമറകളുമാണ് സുരക്ഷക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വിദേശ ഭീകര സംഘടനകളുമായി സമ്ബര്‍ക്കമുള്ള രണ്ട് ഭീകരര്‍ ഈ മാസം ആദ്യം ഡല്‍ഹിയില്‍ പിടിയിലായ പശ്ചാത്തലത്തില്‍ കൂടെയാണ് സുരക്ഷ വര്‍ധിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യയോട് വിദ്വേഷമുള്ള ചില ക്രിമിനലുകള്‍, സാമൂഹിക വിരുദ്ധ ഘടകങ്ങള്‍ എന്നിവര്‍ പൊതുജനങ്ങളുടെയും വിശിഷ്ട വ്യക്തികളുടെയും രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങളുടെയും സുരക്ഷക്ക് ഭീഷണിയാകുമെന്നും ഡല്‍ഹി പൊലീസ് കമീഷണര്‍ തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നു.
റിപ്പബ്ലിക് ദിന പരേഡില്‍ 65,000 ത്തോളം ആളുകള്‍ പങ്കെടുക്കുമെന്നാണ് ഡല്‍ഹി പൊലീസ് അറിയിച്ചത്. പരേഡ് കാണുന്നതിന് ക്യൂ.ആര് കോഡ് വഴിയാണ് രജിസ്ട്രേഷന് ഏര്‍പ്പെടുത്തിയത്. ഇത് പ്രകാരം ടിക്കറ്റ് ലഭിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്.
ഡല്‍ഹി പൊലീസിന് പുറമെ അര്‍ധസൈനിക വിഭാഗവും എന്‍.എസ്.ജിയും ഉള്‍പ്പെടുന്ന ആറായിരത്തോളം ജവാന്മാരെയാണ് സുരക്ഷക്കായി വിന്യസിച്ചത്. 150 ഓളം ഹൈ റെസല്യൂഷന്‍ സി.സി.ടി.വി കാമറകളുടെ സഹായത്തോടെ കര്‍ത്തവ്യ പാതയിലെ ഓരോ നീക്കവും സുരക്ഷസേന നിരീക്ഷിക്കും. ജനുവരി 25ന് വൈകുന്നേരം മുതല്‍ കാര്‍ത്തവ്യ പാതക്ക് ചുറ്റുമുള്ള ബഹുനില കെട്ടിടങ്ങളും പരേഡ് റൂട്ടുകളും അടച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി മുതല്‍ ഹെവി വാഹനങ്ങളുടെ പ്രവേശനവും ഡല്‍ഹിയില്‍ നിരോധിച്ചിരിക്കുകയാണ്.
ഡല്‍ഹിയുടെ എല്ലാ അതിര്‍ത്തികളിലും ഹെവി വാഹനങ്ങള്‍ തടയും. പാസുള്ള വാഹനങ്ങള്‍ മാത്രമാണ് ഈ മേഖലകളിലേക്ക് കടത്തിവിടുന്നത്. ആളുകളെ പരിശോധിച്ചതിന് ശേഷം മാത്രമേ ന്യൂഡല്‍ഹിയിലേക്ക് പ്രവേശിപ്പിക്കുകയുള്ളുവെന്ന് നേരത്തെ അറിയിച്ചിരുന്നു. കാര്‍ത്തവ്യ പാത, ജന്‍പഥ്, ഇന്ത്യാ ഗേറ്റ്, കോപ്പര്‍നിക്കസ് മാര്‍ഗ് തുടങ്ങി എല്ലാ പ്രധാന റൂട്ടുകളിലും പുലര്‍ച്ചെ നാല് മണി മുതല്‍ വാഹന ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.

