ന്യൂഡെല്‍ഹി: (www.kvartha.com) സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദുമായി ബന്ധപ്പെട്ട കേസില്‍ സിബിഐയെയും ഗുജറാത്ത് സര്‍ക്കാരിനെയും ചോദ്യം ചെയ്ത് സുപ്രീം കോടതി.
ഏഴ് വര്‍ഷത്തിലേറെയായി മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുന്ന സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെയും ഭര്‍ത്താവ് ജാവേദ് ആനന്ദിനെയും ജയിലിലേക്ക് തിരിച്ചയക്കുന്നത് എന്തിനെന്ന് സിബിഐയോടും ഗുജറാത്ത് സര്‍ക്കാരിനോടും സുപ്രീം കോടതി ചോദിച്ചു.
‘നിങ്ങള്‍ക്ക് ഒരാളെ എത്രകാലം കസ്റ്റഡിയില്‍ വയ്ക്കാം എന്നതാണ് ചോദ്യം. മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഏഴ് വര്‍ഷം കഴിഞ്ഞു. നിങ്ങള്‍ക്ക് അവരെ വീണ്ടും കസ്റ്റഡിയില്‍ അയക്കണോ’, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ് ഓക, ബിവി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ കോടതിയില്‍ ഹാജരാക്കേണ്ടതുണ്ടെന്നും അതിനാല്‍ നാലാഴ്ചത്തെ സമയം നല്‍കാമെന്നും സിബിഐയ്ക്കും ഗുജറാത്ത് സര്‍ക്കാരിനും വേണ്ടി ഹാജരായ അഭിഭാഷകന്‍ രജത് നായര്‍ പറഞ്ഞു.
സിബിഐയുടെ അപ്പീല്‍ നടപടികളിലൊന്നിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതെന്ന് സെതല്‍വാദിനും ഭര്‍ത്താവിനും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും അഭിഭാഷക അപര്‍ണ ഭട്ടും പറഞ്ഞു. ഇതിന് പിന്നാലെ കുറ്റപത്രം സമര്‍പ്പിക്കുകയും തുടര്‍ന്ന് സെതല്‍വാദിന് സാധാരണ ജാമ്യം ലഭിക്കുകയും ചെയ്തു. സാധാരണ ജാമ്യം ലഭിച്ചതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിനെതിരെ അന്വേഷണ ഏജന്‍സിയുടെ അപ്പീലില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സെതല്‍വാദിനെതിരെ ഒന്നിലധികം കേസുകള്‍ ഉണ്ടെന്നും അധിക കാര്യങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതിയില്‍ നിന്ന് നാലാഴ്ചത്തെ സമയം വേണമെന്നും നായര്‍ പറഞ്ഞു. നാലാഴ്ചയ്ക്ക് ശേഷം വാദം കേള്‍ക്കാന്‍ ബെഞ്ച് തീരുമാനിച്ചു. സെതല്‍വാദ്, ആനന്ദ്, ഗുജറാത്ത് പൊലീസ്, സിബിഐ എന്നിവര്‍ സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ദമ്ബതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളുമായി ബന്ധപ്പെട്ടാണ് ഈ ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

