ന്യൂഡല്‍ഹി
മോദി ഭരണത്തിനു കീഴില്‍ രാജ്യത്ത് കുതിച്ചുയര്‍ന്ന തൊഴിലില്ലായ്മയില്‍ 2019 മുതല്‍ 2021 വരെ 1.12 ലക്ഷം ദിവസവേതനക്കാര്‍ ജീവനൊടുക്കിയതായി തുറന്നുസമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍.
ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്ക് ഉദ്ധരിച്ച് കേന്ദ്ര തൊഴില്‍മന്ത്രി ഭൂപേന്ദര്‍ യാദവാണ് ഇക്കാര്യം ലോക്സഭയെ അറിയിച്ചത്.
വീട്ടമ്മമാര്‍ 66,912, സ്വയംതൊഴിലില്‍ ഏര്‍പ്പെട്ട 53,661 പേര്‍, വേതനമുണ്ടായിരുന്ന 43,420 പേര്‍, തൊഴില്‍ രഹിതരായ 43,385 പേര്‍ തുടങ്ങിയവരും ഈ കാലയളവില്‍ ജീവനൊടുക്കി. കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളുമായി 31,839 പേരും 35,950 വിദ്യാര്‍ഥികളും ജീവനൊടുക്കി. മൂന്നുവര്‍ഷത്തെ ആത്മഹത്യകളില്‍ 25 ശതമാനം ദിവസവേതനക്കാരുടേതാണ്. 2019ല്‍ 32,563 പേരും 2020ല്‍ 37,666 ദിവസവേതനക്കാരും ജീവനൊടുക്കി. 2021ല്‍ 42,004 പേര്‍ ആത്മഹത്യ ചെയ്തു.
ദിവസവേതനക്കാരുടെ ആത്മഹത്യ കൂടിയിട്ടും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന് കേന്ദ്രം നടപടിയെടുത്തിട്ടില്ല. കേന്ദ്ര ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതി വിഹിതം 33 ശതമാനം വെട്ടിക്കുറയ്ക്കുകയും ചെയ്തു. 60,000 കോടി രൂപ മാത്രമാണ് ഇത്തവണത്തെ ബജറ്റില്‍ തൊഴിലുറപ്പിന് അനുവദിച്ചത്.

