ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സിബിഐ കോടതി ഇന്ന് പരിഗണിക്കും.
സിബിഐ കസ്റ്റഡിയിലുള്ള സിസോദിയയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. ഞായറാഴ്ച വൈകുന്നേരമാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് അദ്ദേഹം ഡല്‍ഹി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചത്.
അറസ്റ്റിനെ തുടര്‍ന്ന് എഫ്ഐആര്‍ റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഹര്‍ജി തള്ളുകയായിരുന്നു. സംഭവങ്ങള്‍ ഡല്‍ഹിയിലാണെന്ന കാരണത്താല്‍ നേരിട്ട് വരാന്‍ കഴിയില്ലെന്നും വിചാരണക്കോടതിയെയും ഹൈക്കോടതിയെയും സമീപിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. തുടര്‍ന്ന് സിസോദിയ ഹര്‍ജി പിന്‍വലിക്കുകയും വിചാരണക്കോടതിയെ സമീപിക്കുകയും ചെയ്തു.
2021ല്‍ നടപ്പാക്കിയ മദ്യനയത്തില്‍ ക്രമക്കേടുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്സേന അന്വേഷണത്തിന് ഉത്തരവിട്ടത്. കള്ളപ്പണ ഇടപാടുകളെക്കുറിച്ച് ഇഡി അന്വേഷിക്കുന്നുണ്ട്.

