മൊബൈല്‍ ഫോണുകള്‍ വാങ്ങുന്ന സമയത്ത് ലഭിക്കുന്ന (പ്രീ ഇന്‍സ്റ്റാള്‍ഡ്) ആപ്പുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍.
ഈ ആപ്പുകള്‍ നീക്കം ചെയ്യാന്‍ കഴിയുന്നതായിരിക്കണമെന്ന നിബന്ധനയടങ്ങുന്ന നിയമം കൊണ്ടുവരാനാണ് ഐ.ടി മന്ത്രാലയം ഒരുങ്ങിയിരിക്കുന്നത്.
മൊബൈല്‍ ഫോണിന്റെ ഓപറേറ്റിങ് സിസ്റ്റത്തില്‍ വരുന്ന പ്രധാനപ്പെട്ട മാറ്റങ്ങള്‍ കേന്ദ്രം നിര്‍ദേശിക്കുന്ന സമിതിക്ക് മുമ്ബില്‍ നിര്‍ബന്ധമായും പരിശോധന്ക്കു വയ്ക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ചാരപ്രവര്‍ത്തനം, ഉപയോക്താക്കളുടെ വിവരം ദുരുപയോഗം ചെയ്യല്‍ എന്നിവ തടയുന്നതിനാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിലെ ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. മിക്ക സ്മാര്‍ട്ട്‌ഫോണുകളും നീക്കം ചെയ്യാന്‍ കഴിയാത്ത പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്ലിക്കേഷനുകള്‍ സഹിതമാണു പുറത്തിറക്കുന്നത്.
സാംസങ്, ഷഓമി, വിവോ, ആപ്പിള്‍ തുടങ്ങിയവയില്‍ നിലവില്‍ പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം ആപ്ലിക്കേഷനുകള്‍ ചാര പ്രവര്‍ത്തനം, വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തല്‍ എന്നിവക്ക് കാരണമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
ഇനി കളി മാറും
ചൈന ഉള്‍പ്പെടെയുള്ള ഒരു വിദേശരാജ്യവും ഇത്തരം ആപ്ലിക്കേഷനുകള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ പുതിയ നിയമം വഴി സാധ്യമാകുമെന്നും ഇതു ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. പുതിയ ഫോണ്‍ മോഡലുകള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി അംഗീകരിച്ച ലാബില്‍ പരിശോധനക്കു വിധേയമാക്കണമെന്നും നിയമത്തിലുണ്ടാകും. ചൈനീസ് കമ്ബനികള്‍ക്കു മേല്‍ നിയന്ത്രണം കൂടുതല്‍ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നാണ് കരുതപ്പെടുന്നത്.

