ന്യൂഡല്‍ഹി> നിലവിലെ സംവരണരീതി ഒഴിവാക്കി ബദല്‍ സംവിധാനം ഉണ്ടാക്കാൻ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി സുപ്രീംകോടതി പിഴ ചുമത്തി തള്ളി.
ഹര്‍ജിക്കാരനായ അഡ്വ. സച്ചിൻഗുപ്തയ്ക്ക് ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് 25,000 രൂപ പിഴ ചുമത്തി.
നിയമസംവിധാനത്തെ ദുരുപയോഗം ചെയ്യുന്നതിനുള്ള ഉത്തമ ഉദാഹരമാണ് ഇത്തരം ഹര്ജികളെന്ന് ചീഫ്ജസ്റ്റിസ് ചൂണ്ടിക്കാണിച്ചു. സുപ്രീംകോടതി അഡ്വക്കേറ്റ്സ് വെല്‍ഫെയര്‍ അസോസിയേഷൻ ഫണ്ടില്‍ പിഴത്തുക അടച്ച് ഒരാഴ്ച്ചയ്ക്കുള്ളില്‍ രസീത് സമര്‍പ്പിക്കണമെന്നും കോടതി ഹര്‍ജിക്കാരനോട് നിര്‍ദേശിച്ചു മൊത്തം രണ്ട് പൊതുതാല്പര്യ ഹര്‍ജികളാണ് അഡ്വ. സച്ചിൻഗുപ്ത ഫയല്‍ ചെയ്തിരുന്നത്.
ജാതിസംവിധാനം പുനഃക്രമീകരിക്കണമെന്ന ആവശ്യമാണ് ആദ്യഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. ഈ ഹര്‍ജിയും സുപ്രീംകോടതി തള്ളി. നിലവിലുള്ള സംവരണരീതി ഘട്ടംഘട്ടമായി ഒഴിവാക്കി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആയിരുന്നു രണ്ടാമത്തെ ഹര്‍ജിയിലെ പ്രധാനആവശ്യം. രണ്ട് ഹര്‍ജികളും പൊതുതാല്പര്യഹര്ജി നല്‍കാനുള്ള അവകാശത്തെ ദുരുപയോഗം ചെയ്യുന്നതാണെന്ന് കോടതി വിമര്‍ശിച്ചു.

