തിരുവനന്തപുരം : സ്വപ്ന സുരേഷ് കേസില്‍ വിവാദ നായകനായ ഷാജ് കിരണിനൊപ്പം കര്‍ണ്ണാടക മന്ത്രിയെ സന്ദര്‍ശിച്ച ബി.ജെ.പി വക്താവ് സന്ദീപ് വാര്യരുടെ നടപടി വിവാദമായിരിക്കെ അദ്ദേഹത്തിനെതിരെ നടപടി ഉണ്ടാകുമെന്ന സൂചന ശക്തമായി. ഇന്ന് മാതൃഭൂമി ചാനലാണ് സന്ദീപ് വാര്യരും ഷാജ് കിരണും കര്‍ണ്ണാടക ഊര്‍ജ്ജവകുപ്പ് മന്ത്രി സുനില്‍കുമാറിനെ സന്ദര്‍ശിച്ച വിവരം ഫോട്ടോയടക്കം പ്രസിദ്ധീകരിച്ചത്. ഷാജ് കിരണ്‍ ഇടത് മുന്നണിയുടെ ആളായി സ്വപ്ന സുരേഷിനെ സന്ദര്‍ശിച്ചതെന്ന ആരോപണം ബി.ജെ.പി. ഉന്നയിക്കുന്ന അവസരത്തിലാണ് പാര്‍ട്ടി സംസ്ഥാന വക്താവ് തന്നെ വിവാദനായകനായ ഷാജ് കിരണിനൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത് കുറച്ചൊന്നുമല്ല ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്.
2021 സെപ്റ്റംബര്‍ മാസമാണ് സന്ദിപ് വാര്യരും ഷാജ്കിരണും കര്‍ണ്ണാടക മന്ത്രിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചിരിക്കുന്നത്. 100 കോടി രൂപയുടെ ഒരു വൈദ്യുതി കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് ഇരുവരും അവിടെ എത്തിയതെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ കൊല്ലം സ്വദേശിയായ തന്റെ സുഹൃത്ത് രജതിനൊപ്പമാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും ഷാജ് കിരണ്‍ രജതിന്റെ സുഹൃത്ത് എന്ന പേരിലാണ് തനിക്കൊപ്പം വന്നതെന്നുമുള്ള ദുര്ബലവാദമാണ് സന്ദീപ് വാര്യര്‍ ഉന്നയിക്കുന്നത്.
സ്വപ്ന സുരേഷ് സംഭവത്തില്‍ ഷാജ് കിരണ്‍ വിവാദത്തില്‍പ്പെട്ടപ്പോള്‍ തന്നെ സന്ദീപ് വാര്യരുമായി ഷാജിനുള്ള ബന്ധം സംബന്ധിച്ച വിവരങ്ങള്‍ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന് കിട്ടിയതായാണ് സൂചനകള്‍. ഇതു കൂടാതെ മറ്റ് ചില പരാതികളും സന്ദീപിനെതിരെ ബി.ജെ.പി നേതൃത്വത്തിന് കിട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് കുറച്ചുനാളുകളായി ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് സന്ദീപ് വാര്യരെ സംസ്ഥാന നേതൃത്വം വിലക്കിയിരുന്നു. സുരേന്ദ്ര വിരുദ്ധ പക്ഷത്ത് നില്ക്കുന്ന സന്ദീപ് വാര്യര്‍ക്ക് കെ. സുരേന്ദ്രന് അവസരം നല്‍കാതെ മാറ്റി നിര്‍ത്തിയിരിക്കുകയാണെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ ഇതിനിടെ ഉയര്‍ന്നുവന്നു. എന്നാല്‍ തൃശ്ശൂര്‍ ജില്ലയിലെ ഒരു സംഭവുമായി ബന്ധപ്പെട്ട് സന്ദീപിനെതിരെ ഗുരുതര ആരോപണം നേതൃത്വത്തിന് മുന്പിലുണ്ട്. ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ഷാജ് കിരണ്‍ വിവാദത്തില്‍ സന്ദീപിനെതിരെ ശക്തമായ നടപടി തന്നെ ഉണ്ടാകുമെന്ന സൂചനയാണ് ബി.ജെ.പി നേതൃത്വം നല്‍കുന്നത്.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നുണ്ടായ സമരങ്ങളില്‍ നിന്ന് ബി.ജെ.പി പിന്നോക്കം പോയത് ചര്‍ച്ചയായിരിക്കുന്ന അവസരത്തിലാണ് ബി.ജെ.പി സംസ്ഥാന വക്താവ് തന്നെ പ്രതിക്കൂട്ടില്‍ നില്ക്കുന്ന ഫോട്ടോ പുറത്തുവന്നിരിക്കുന്നത്. വിഭാഗീയത ശക്തമായ ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ വരും ദിവസങ്ങളില്‍ സന്ദിപ് വാര്യര്‍ വിഷയം കൂടുതല്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് കാരണമാകുവാന്‍ സാധ്യതയുണ്ട്.

