പെനാല്‍റ്റി കിക്ക് ആരെടുക്കും എന്നതിനെച്ചൊല്ലി മൈതാനമധ്യത്ത് ഉടലെടുത്ത സൂപ്പര്‍ താരങ്ങളുടെ തര്‍ക്കം പി.എസ്.ജിയെ ഏറെ പരിഹാസ്യരാക്കിയിരുന്നു.
മോണ്ട്പെല്ലിയറിനെതിരായ മത്സരത്തിനിടെയാണ് പെനാല്‍റ്റി കിക്കെടുക്കാന്‍ പന്തെടുത്ത് ബോക്സിലെത്തിയ നെയ്മറുമായി ഫ്രഞ്ച് സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ പരസ്യമായി വാഗ്വാദത്തിലേര്‍പ്പെട്ടത്.
പിന്നാലെ ടീമിലെ മികച്ച പെനാല്‍റ്റി ടേക്കര്‍ ആരെന്ന ചര്‍ച്ചയും സമൂഹമാധ്യമങ്ങളില്‍ സജീവമായി. ലിയണല്‍ മെസ്സി, നെയ്മര്‍, എംബാപ്പെ, സെര്‍ജിയോ റാമോസ് എന്നീ താരങ്ങളെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍. ഇവരില്‍ മികച്ച പെനാല്‍റ്റി ടേക്കര്‍ ആരെന്ന ചോദ്യത്തിന് കണക്കുകള്‍ ഉത്തരം പറയും. പെനാല്‍റ്റി കൃത്യമായി വലക്കുള്ളിലാക്കിയതില് നാല് പി.എസ്.ജി സൂപ്പര്താങ്ങളുടെയും സക്സസ് റേറ്റ് ഇങ്ങനെയാണ്;
നെയ്മറും സെര്‍ജിയോ റാമോസുമാണ് ക്ലബിലെ ഏറ്റവും മികച്ച പെനാല്‍റ്റി ടേക്കര്‍മാര്‍. നെയ്മര്‍ തന്റെ കരിയറിലെ 86 പെനാല്‍റ്റികളില്‍ 71 എണ്ണവും വലയിലെത്തിച്ചു. 87 ശതമാനമാണ് സക്സസ് റേറ്റ്. തൊട്ടുപിന്നില്‍ 86 ശതമാനം സക്സസ് റേറ്റുമായി റാമോസും. താരം കരിയറിലെ 35 പെനാല്‍റ്റികളില്‍ 30 കിക്കുകള്‍ ലക്ഷ്യസ്ഥാനത്തെത്തിച്ചു. റയല്‍ മാഡ്രിഡിനുവേണ്ടി നിര്‍ണായക പെനാല്‍റ്റികള്‍ അനായാസം ഗോളിലെത്തിച്ച പ്രതിരോധ താരമാണ് റാമോസ്. മറ്റ് മൂന്ന് പി.എസ്.ജി താരങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവ് പെനാല്‍റ്റി എടുത്തത് കിലിയന്‍ എംബാപ്പെയാണ്.
ഫ്രഞ്ച് സൂപ്പര്‍ താരം കരിയറിലെ 25 പെനാല്‍റ്റികളില്‍ 20 എണ്ണം സ്കോര്‍ ചെയ്തു. 80 ശതമാനമാണ് വിജയ നിരക്ക്. ദീര്‍ഘകാലം ബാഴ്സലോണയുടെ പെനാല്‍റ്റി ടേക്കറായിരുന്നു മെസ്സി. ഏഴ് തവണ ബാലണ്‍ ഡി ഓര് പുരസ്കാരം നേടിയ താരത്തിന് അടുത്തിടെയായി പെനാല്‍റ്റിയില്‍ അത്ര നല്ലകാലമല്ല. യുവേഫ ചാമ്ബ്യന്‍സ് ലീഗ് റൗണ്ട് ഓഫ് 16 ആദ്യ പാദത്തില്‍ കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡിനെതിരെ മെസ്സി പെനാല്‍റ്റി നഷ്ടമാക്കിയിരുന്നു.
ഇതിന് പി.എസ്.ജി വലിയ വില കൊടുക്കേണ്ടിവന്നു. കരിയറിലെ 134 പെനാല്‍റ്റികളില്‍ 104 എണ്ണം മാത്രമാണ് താരം സ്കോര്‍ ചെയ്തത്. 78 ശതമാനമാണ് സക്സസ് നിരക്ക്.

