ന്യൂഡല്‍ഹി: യുദ്ധത്തെ തുടര്‍ന്ന് യുക്രെയ്നില്‍നിന്ന് മടങ്ങേണ്ടി വന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ‘അക്കാദമിക് മൊബിലിറ്റി പ്രോഗ്രാ’മിന്‍റെ ഭാഗമായി ഇന്ത്യ ഒഴികെ 29 രാജ്യങ്ങളില്‍ പഠനം തുടരാമെന്ന് വിശദീകരിച്ച് ദേശീയ മെഡിക്കല്‍ കമീഷന്‍.
ഇന്ത്യയില്‍ തുടര്‍പഠനാവസരം നിഷേധിച്ചപ്പോള്‍തന്നെയാണ് ഈ വിശദീകരണം.
തുടര്‍പഠന അനുമതിയുള്ള രാജ്യങ്ങള്‍ ഇവയാണ്: പോളണ്ട്, ഓസ്ട്രിയ, ചെക് റിപ്പബ്ലിക്, ഫ്രാന്‍സ്, ജോര്‍ജിയ, കസാഖ്സ്താന്‍, ലിത്വേനിയ, മള്‍ഡോവ, സ്ലോവാക്യ, സ്പെയിന്‍, ഉസ്ബകിസ്താന്‍, യു.എസ്, ഇറ്റലി, ബെല്‍ജിയം, ഈജിപ്ത്, ബെലറൂസ്, ലാത്വിയ, കിര്‍ഗിസ്താന്‍, ഗ്രീസ്, റുമേനിയ, സ്വീഡന്‍, ഇസ്രായേല്‍, ഇറാന്‍, അസര്‍ബൈജാന്‍, ബള്‍ഗേറിയ, ജര്‍മനി, തുര്‍ക്കിയ, ക്രൊയേഷ്യ, ഹംഗറി. മറ്റു വിദേശ സര്‍വകലാശാലകളിലാണ് പഠനം പൂര്‍ത്തിയാക്കുന്നതെങ്കിലും ബിരുദം നല്‍കുന്നത് യുക്രെയ്നിലെ സര്‍വകലാശാലതന്നെയായിരിക്കും. ഇത്തരത്തില്‍ രണ്ടിടത്ത് പഠിച്ചത് ഒറ്റത്തവണയെന്ന നിലയില്‍ ഇന്ത്യ അംഗീകരിക്കും. ഇന്ത്യയില്‍ പഠന-പരിശീലനം തുടരാന്‍ നിലവിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള പരീക്ഷകള്‍ പാസാകണമെന്നും മെഡിക്കല്‍ കമീഷന്‍ വിശദീകരിച്ചു.
അതേസമയം, ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന യുക്രെയ്നിലെ സ്ഥാപനങ്ങള്‍ ഈ 29 രാജ്യങ്ങളിലെ സ്ഥാപനങ്ങളുമായി അക്കാദമിക് മൊബിലിറ്റി പ്രോഗ്രാം ഒരുക്കിയാലേ ദേശീയ മെഡിക്കല്‍ കമീഷന്‍റെ അംഗീകാരം ലഭിക്കൂ. ഏതെല്ലാം സ്ഥാപനങ്ങളാണ് ഇത്തരത്തില്‍ പരസ്പരം വിദ്യാര്‍ഥികളെ ഏറ്റെടുക്കാന്‍ തയാറായതെന്നോ, ഈ രാജ്യങ്ങളില്‍ തുടര്‍പഠനത്തിനുള്ള എന്തു സൗകര്യമാണ് ഒരുക്കുകയെന്നോ അറിയിപ്പില്‍ വിശദീകരിക്കുന്നില്ല.
നിലവില്‍ യുക്രെയ്നിലെ 20ഓളം സ്ഥാപനങ്ങള്‍ മാത്രമാണ് ജോര്‍ജിയ പോലുള്ള ഏതാനും വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങളുമായി അക്കാദമിക് മൊബിലിറ്റി പ്രോഗ്രാം ഒരുക്കിയിട്ടുള്ളത്. യുദ്ധത്തില്‍ മൂന്നു സര്‍വകലാശാലകള്‍ ഇല്ലാതായിട്ടുമുണ്ട്.ഇതുകൊണ്ട് യു.എസ് പോലുള്ള രാജ്യങ്ങളില്‍ പഠിക്കാമെന്ന് കേന്ദ്രം പറയുന്നു എന്നല്ലാതെ തങ്ങള്‍ക്ക് ഒരുപകാരവുമില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.വ്യാഴാഴ്ച കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലം സുപ്രീംകോടതിയെ തെറ്റിദ്ധിരിപ്പിക്കുന്നതാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
കേന്ദ്രം സമര്‍പ്പിച്ച രാജ്യങ്ങളുടെ പട്ടിക കണ്ടാല്‍ ഇവിടെയെല്ലാം പഠിക്കാമെന്നാണ്.എന്നാല്‍, ഇത് പ്രായോഗികമല്ല. യുക്രെയിനിലെ സര്‍വകലാശാലകളും വിദേശ രാജ്യങ്ങളിലെ സര്‍വകലാശാലകളും തമ്മില്‍ പരസ്പര ധാരണ വേണ്ടതുണ്ട്.യുദ്ധത്തെ തുടര്‍ന്ന് പല സര്‍വകലാശാലകളും ഇല്ലാതായി. അവിടത്തെ വിദ്യാര്‍ഥികള്‍ക്ക് എങ്ങനെ വിദേശ രാജ്യങ്ങളില്‍ അക്കാദമിക് മൊബിലിറ്റിയുടെ ഭാഗമായി തുടര്‍പഠനം നടത്താനാവുമെന്നും വിദ്യാര്‍ഥികള്‍ ചോദിച്ചു. 600ലധികം മെഡിക്കല്‍ കോളജുകളുള്ള ഇന്ത്യയിലാണ് അക്കാദമിക് മൊബിലിറ്റിയുടെ ഭാഗമായി തുടര്‍പഠനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കേണ്ടിയിരുന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

