തിരുവനന്തപുരം: ജി 23 നേതാക്കളെ കണ്ടല്ല താന്‍ പാര്‍ട്ടി നവീകരണത്തിന് ഇറങ്ങിയതെന്ന് ശശി തരൂര്‍ എംപി.
പാര്‍ട്ടി നവീകരണമാണ് തന്റെ എക്കാലത്തെയും നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേതൃത്വത്തിന്‍റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്ത് സംഘടനാ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് രണ്ട് വര്‍ഷം മുമ്ബ് രംഗത്തിറങ്ങിയ തിരുത്തല്‍വാദി സംഘം (ജി 23) ഹൈക്കമാന്‍ഡിന്‍റെ പിന്തുണയോടെ മത്സരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിന്തുണച്ചതിന് പിന്നാലെയാണ് ശശി തരൂരിന്റെ പ്രതികരണം. തങ്ങള്‍ പറഞ്ഞ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന പ്രതീക്ഷയില്‍ ഖാര്‍ഗെയെ പിന്തുണച്ചതായിരിക്കാമെന്നാണ് കരുതുന്നതെന്ന് തരൂര്‍ പറഞ്ഞു. പ്രകടന പത്രികയിലെ ഭൂപടത്തിലെ പിശക് മനപ്പൂര്‍വ്വമല്ലെന്നും തെറ്റിന് നിരുപാധികം മാപ്പ് പറയുന്നെന്നും തരൂര്‍ പറഞ്ഞു. പ്രകടന പത്രികയില്‍ ചേര്‍ത്ത ഭൂപടത്തില്‍ പാക് അധിനിവേശ കശ്മീരും ചൈന പിടിച്ചെടുത്ത അക്സായി ചിന്നും ഉണ്ടായിരുന്നില്ല. ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ വികാരമാണ് തന്റെ സ്ഥാനാര്‍ഥിത്വം. ഖാര്‍ഗെ തുടര്‍ച്ചയുടെ പ്രതീകമാണ്. താന്‍ പുതിയ ചിന്താധാരയെന്നും തരൂര്‍ പറഞ്ഞു.
വ്യാഴാഴ്ച രാത്രി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഖാര്‍ഗെയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. എ.കെ ആന്‍റണി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ എന്നിവരുടെ അഭിപ്രായമാണ് സോണിയ തേടിയത്. ഖാര്‍ഗെയുടെ പത്രികകളിലൊന്നില്‍ ഒപ്പിട്ടത് ആന്‍റണിയാണ്. കഴിഞ്ഞ ദിവസം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച മുതിര്‍ന്ന നേതാവ് ദിഗ്‍വിജയ് സിങ് ഹൈക്കമാന്‍ഡിന്‍റെ നിര്‍ദ്ദേശപ്രകാരം ഇന്നലെ രാവിലെ പിന്‍വാങ്ങിയിരുന്നു. ജി 23 സംഘത്തിന്റെ ഭാഗമായിരുന്ന ശശി തരൂരിനെ കൈവിട്ടാണ് ആനന്ദ് ശര്‍മ, മനീഷ് തിവാരി, ഭൂപീന്ദര്‍ സിങ് ഹൂഡ, പൃഥ്വിരാജ് ചൗഹാന്‍ എന്നിവര്‍ ഖാര്‍ഗെയ്ക്കൊപ്പം നിന്നത്.
23 പേരുണ്ടായിരുന്ന സംഘം കപില്‍ സിബല്‍, ഗുലാം നബി ആസാദ് എന്നീ നേതാക്കള്‍ പാര്‍ട്ടി വിട്ടതോടെ ദുര്‍ബലമായിരുന്നു. വിരലിലെണ്ണാവുന്നവര്‍ മാത്രമായി ചുരുങ്ങിയെങ്കിലും ജി 23 എന്നാണ് ഇന്നും അറിയപ്പെടുന്നത്. ജി 23 സംഘത്തിന്റെയാളല്ല, എല്ലാവരുടെയും പ്രതിനിധിയാണെന്ന് വ്യക്തമാക്കിയാണ് തരൂര്‍ തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. ഗാന്ധി കുടുംബം മത്സരിക്കുന്നില്ലെങ്കില്‍ സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപിത നിലപാട്.

