കൊച്ചി: കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിജയത്തിനായി പ്രവര്‍ത്തിക്കും. ദളിത് വിഭാഗത്തില്‍പ്പെട്ട ഒരാള്‍ കോണ്‍ഗ്രസ് പ്രസിഡന്റാകുന്ന അഭിമാന നിമിഷത്തിനായി കാത്തിരിക്കുകയാണ്. എല്ലാ മുതിര്‍ന്ന നേതാക്കളും കൂടിയാലോചിച്ചാണ് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.
അതിനാല്‍, ഖാര്‍ഗെയെ പിന്തുണയ്ക്കും. പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം ജനാധിപത്യത്തിന്റെ മനോഹാരിതയാണ്. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. സി.പി.എമ്മിലോ ബി.ജെ.പിയിലോ മത്സരം നടക്കാറുണ്ടോ? ആരെയെങ്കിലും എവിടെയെങ്കിലും വച്ച് തീരുമാനിക്കുകയാണ് അവരുടെ രീതി. യോഗ്യതയുള്ള ആര്‍ക്കും മത്സരിക്കാമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അത് ജനാധിപത്യ പാര്‍ട്ടിയുടെ മാത്രം സവിശേഷതയാണ്.
ഒന്‍പത് തവണ വിജയിക്കുകയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ മന്ത്രിയാവുകയും ചെയ്ത ദളിത് വിഭാഗത്തില്‍ പെട്ട ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത് അഭിമാനകരമാണ്. നേതൃത്വത്തിലേക്ക് വരുന്ന പരിചയസമ്ബത്തുള്ള പുതിയ നേതാവാണ് അദ്ദേഹം. പ്രായം ഒരു ഘടകമല്ല. പ്രായമായവരെ പറഞ്ഞു വിടുന്നതില്‍ യോജിപ്പില്ല. അവരുടെ അനുഭവ സമ്ബത്ത് കൂടി പ്രയോജനപ്പെടുത്തണം. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിനെ കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണയ്ക്കുന്നത് പാര്‍ട്ടിയില്‍ ചേരിതിരിവുണ്ടാക്കില്ലെന്നും സതീശന് പറഞ്ഞു.

