നാഗ്പൂര്‍: ഐഫോണ്‍ വാങ്ങി നല്‍കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. റായ്‌സോണി കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ 18 കാരിയാണ് മരിച്ചത്. മാതാപിതാക്കള്‍ ഐഫോണ്‍ വാങ്ങി നല്‍കാത്തതില്‍ പെണ്‍കുട്ടിക്ക് നിരാശ ഉണ്ടായിരുന്നെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് അറിയിച്ചു.
പെണ്‍കുട്ടിക്ക് ഐഫോണ്‍ വാങ്ങി നല്‍കാമെന്ന് വീട്ടുകാര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഫോണ്‍ വാങ്ങി നല്‍കാന്‍ കഴിഞ്ഞില്ല. ഫോണ്‍ വാങ്ങി നല്‍കുന്നതില്‍ കാലതാമസം ഉണ്ടായതോടെ പെണ്‍കുട്ടി നിരാശയിലായി. തന്റെ ആഗ്രഹം സാധിച്ചു നല്‍കാന്‍ മതാപിതാക്കള്‍ക്ക് താല്പര്യം ഇല്ലെന്ന് പെണ്‍കുട്ടി കരുതുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച പെണ്‍കുട്ടിയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയതായും മറ്റ് കാരണങ്ങളാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

