പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ജനതാദളിനെ നയിക്കാന്‍ നിതീഷ് അഭ്യര്‍ഥിച്ചരുന്നെന്നും എന്നാല്‍ താനത് നിരസിച്ചെന്നും കിഷോര്‍ അവകാശപ്പെട്ടു.
കിഷോര്‍ നയിക്കുന്ന പദയാത്ര ചൊവ്വാഴ്ച ബിഹാറിലെ ചമ്ബാരന്‍ ജില്ലയിലെത്തിയപ്പോഴാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
“2014ലെ ലോക്സഭ തെരഞ്ഞടുപ്പില്‍ പരാജയം നേരിട്ടതിനെ തുടര്‍ന്ന് അദ്ദേഹം എന്നെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി സഹായിക്കണമെന്നഭ്യര്‍ഥിച്ചു. 2015ലെ നിയമസഭ തെരഞ്ഞടുപ്പില്‍ വിജയിക്കാനും മുഖ്യമന്ത്രിയാകാനും ഞാന്‍ അദ്ദേഹത്തെ സഹായിച്ചു. അതിനാലാണ് ഇന്ന് അദ്ദേഹം വാഗ്ദാനങ്ങള്‍ നല്‍കുന്നത്”- കിഷോര്‍ പറഞ്ഞു.
പത്ത് പതിനഞ്ച് ദിവസങ്ങള്‍ക്ക് മുമ്ബ് നിതീഷ് കുമാര്‍ എന്നെ അദ്ദേഹത്തിന്‍റെ വസതിയിലേക്ക് വിളിച്ച് വരുത്തിയെന്ന് മാധ്യമങ്ങള്‍ വഴി നിങ്ങള്‍ അറിഞ്ഞിരിക്കും. അന്ന് അദ്ദേഹത്തിന്‍റെ പാര്‍ട്ടിയെ ഞാന്‍ നയിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. എന്നാല്‍ അത് സാധ്യമല്ലെന്ന് ഞാന്‍ മറുപടി നല്‍കിയെന്നും കിഷോര്‍ കൂട്ടിച്ചേര്‍ത്തു.
പ്രശാന്ത് കിഷോറിന് എവിടെ നിന്നാണ് ഇത്രയും പണമെന്ന ജെ.ഡി.യു ദേശീയ അധ്യക്ഷന്‍ രാജീവ് രഞ്ജന്‍ സിങിന്‍റെ ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. തനിക്ക് എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്നറിയേണ്ടവര്‍ അവരെ പോലെ ദല്ലാള്‍ പണി ചെയ്യുന്നില്ലെന്ന് മനസിലാക്കണമെന്ന് കിഷോര്‍ മറുപടി നല്‍കി. തെരഞ്ഞടുപ്പ് എങ്ങനെ വിജയിക്കണം എന്നതിനെക്കുറിച്ച് രാഷ്ട്രീയ നേതാക്കല്‍ വളരെക്കാലമായി എന്റെ ഉപദേശം തേടുന്നുണ്ട്. ഒരു രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന നിലയിലുള്ള എന്റെ നേട്ടത്തെ മാധ്യമങ്ങള്‍ പ്രശംസിച്ചിട്ടുമുണ്ട്. എന്നാല്‍ ഇന്നേവരെ അതിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കിഷോര്‍ അവകാശപ്പെട്ടു.
പ്രശാന്ത് കിഷോറിന് ബിഹാര്‍ രാഷ്ട്രീയത്തിന്‍റെ എ, ബി, സി, ഡി അറിയില്ലെന്ന് അടുത്തിടെ നിതീഷ് ആരോപിച്ചിരുന്നു. കിഷോറിനെ 2018ലാണ് നിതീഷ് ജെ.ഡി.യുവില്‍ ഉള്‍പ്പെടുത്തിയത്. പിന്നീട് പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിന്‍റെയും പേരില്‍ നിതീഷുമായുള്ള തര്‍ക്കം രൂക്ഷമായതോടെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

