ബെംഗളൂരു: കര്‍ണാടകയില്‍ ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം നടന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.
മണ്ഡ്യ ജില്ലയിലെ ജാക്കനഹള്ളിയിലാണ് സോണിയ യാത്രയുടെ ഭാഗമായത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയില്‍ തുടരുകയായിരുന്ന സോണിയ ഏറെ നാളുകള്‍ക്ക് ശേഷമാണ് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. ബെല്ലാരിയില്‍ നടക്കുന്ന പരിപാടിയില്‍ സോണിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തേക്കും.
നേതാക്കളുമായി കൂടിക്കാഴ്ച
തിങ്കളാഴ്ചയായിരുന്നു ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനായി സോണിയ കര്‍ണാടകയില്‍ എത്തിയത്. നവമി ആഘോഷങ്ങളും ആയുധ പൂജയുമായതിനാല്‍ രണ്ട് ദിവസം ഭാരത് ജോഡോ യാത്ര ഉണ്ടായിരുന്നില്ല. ബെഗൂര്‍ ജില്ലയില്‍ ക്ഷേത്രത്തില്‍ പൂജ നടത്തിയ ശേഷമായിരുന്നു ഇന്ന് സോണിയ യാത്രയില്‍ പങ്കെടുത്തത്. രണ്ട് ദിവസമായി മൈസൂരില്‍ തുടരുകയായിരുന്ന സോണിയ ഗാന്ധി കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

