ബംഗളൂരു : കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് പോപ്പുലര്‍ ഫ്രണ്ടിനെതിരെ എടുത്ത 175 കേസുകള്‍ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്.
സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേസുകള്‍ പിന്‍വലിച്ചുകൊണ്ട് പോപ്പുലര്‍ ഫ്രണ്ട് അക്രമികളെ വെറുതെ വിട്ടത്. പിഎഫ്‌ഐയെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള പോസ്റ്ററുകളും ഭരണപക്ഷം പ്രദര്‍ശിപ്പിച്ചിരുന്നുവെന്ന് കര്‍ണാടക റവന്യു മന്ത്രി ആര്‍ അശോക പറഞ്ഞു. “പിഎഫ്‌ഐ ഭാഗ്യ” എന്ന തരത്തിലുള്ള പോസ്റ്ററുകളും സര്‍ക്കാര്‍ തന്നെ പ്രദര്‍ശിപ്പിച്ചിരുന്നു.
2009 ല്‍ ബിജെപി ഭരണകാലത്ത് 1600 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുത്തിരുന്നു. ശിവമോഗയിലും മൈസൂരുവിലും കലാപം നടത്താന്‍ ശ്രമിച്ചതിന് 175 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ അറസ്റ്റിലായ കുറ്റവാളികളെല്ലാം നിരപരാധികളാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ തന്‍വീര്‍ സെയ്ത പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെ 2015 ല്‍, കേസുകള്‍ പിന്‍വലിച്ചുകൊണ്ട് സിദ്ധരാമയ്യ സര്‍ക്കാര്‍ പ്രതികളെ വെറുതെ വിടുകയായിരുന്നു. ഡിജിപിയുടെ അഭിപ്രായം പോലും പരിഗണിക്കാതെയായിരുന്നു സര്‍ക്കാര്‍ നടപടി.
ബൈക്കില്‍ സഞ്ചരിക്കുമ്ബോള്‍ എങ്ങനെ ഒരാളുടെ കഴുത്തറുക്കാം എന്ന് ഇവര്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. ബംഗളൂരുവിലെ കെ.ജി.ഹള്ളിയിലും ഡി.ജെ.ഹള്ളിയിലും ചെയ്തതുപോലെ എങ്ങനെ കലാപമുണ്ടാക്കാം എന്നും പരിശീലനം ലഭിച്ചവരാണ് കുടക്, മൈസൂരു, മംഗലാപുരം എന്നിവിടങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എന്ന് ആര്‍ അശോക പറഞ്ഞു. കേരളത്തില്‍ നിന്ന് വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ നിയമനടപടികളില്ലാതെ എങ്ങനെ കൊല്ലാമെന്ന് അവര്‍ക്ക് പരിശീലനം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എന്തിന്റെ അടിസ്ഥാനത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ തങ്ങളാണ് ആവശ്യപ്പെട്ടത് എന്ന് കോണ്‍ഗ്രസ് പറയുന്നതെന്ന് ഇത് ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം ചോദിച്ചു. പിഎഫ്‌ഐക്കെതിരായ കേസുകള്‍ പിന്‍വലിച്ചതിന് സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

