ചണ്ഡീഗഡ്: (www.kvartha.com) തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമില്ലാതെ ജനാധിപത്യമില്ലെന്ന് പഞ്ചാബ്, ഹരിയാന ഹൈകോടതി.
ആം ആദ്മി പാര്‍ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിനെതിരായ പ്രസ്താവനയുടെ പേരില്‍ ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗയ്ക്കും ഹിന്ദി കവി കുമാര്‍ വിശ്വാസിനുമെതിരെ പഞ്ചാബ് പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് വ്യത്യസ്ത കേസുകള്‍ കോടതി റദ്ദാക്കി. ജസ്‌റ്റിസ് അനൂപ് ചിറ്റ്‌കരയുടെ ബെഞ്ചാണ് ഹര്‍ജികള്‍ പ്രത്യേകം പരിഗണിച്ച് രണ്ട് പ്രത്യേക ഉത്തരവുകള്‍ പുറപ്പെടുവിച്ചത്.
‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ എഎപി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന്റെ ഡെല്‍ഹി വസതിക്ക് പുറത്ത് പ്രതിഷേധം നടന്നിരുന്നു. ഈ സാഹചര്യത്തില്‍, പ്രകോപനപരമായ പ്രസ്താവനകള്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുഅമ്മതി തജീന്ദര്‍ പാല്‍ സിങ് ബഗ്ഗയ്‌ക്കെതിരെ കേസെടുത്തിരുന്നു. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയെന്നതിന് പഞ്ചാബ് പൊലീസ് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസ് ഏപ്രില്‍ 26 ന് മറ്റൊരു ഹര്‍ജിയില്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. രണ്ട് നേതാക്കള്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ ഹൈകോടതി, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമില്ലാതെ ഒരു ജനാധിപത്യവും ഉണ്ടാകില്ലെന്ന് നിരീക്ഷിച്ചു.

