ന്യൂഡല്‍ഹി: പ്രവാസി വോട്ടിനുള്ള നിയമ ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി.
വോട്ടു ചെയ്യാന്‍ സൈനികര്‍ക്ക് ഏര്‍പ്പെടുത്തിയ ക്രമീകരണം പ്രവാസികള്‍ക്ക് അവകാശപ്പെടാന്‍ പറ്റില്ലെന്നും രാജ്യത്തിനു വേണ്ടിയാണ് സൈനികര്‍ സേവനം അനുഷ്ഠിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പ്രവാസി ഇന്ത്യക്കാര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണം ഒരുക്കുമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ഉറപ്പ് രേഖപ്പെടുത്തി ഇതുമായി ബന്ധപ്പെട്ട നിയമ പോരാട്ടത്തിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ലളിതിന്റെ ബെഞ്ച് അന്ത്യം കുറിച്ചു.
പ്രവാസികള്‍ക്ക് പ്രോക്സി വോട്ടിങ് ഏര്‍പ്പെടുത്താമെന്ന് തെരഞ്ഞെടുപ്പ് കമീഷന് നേരത്തേ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ഇതിനായി ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി ആവശ്യമാണെന്നും കമീഷന് കോടതിയെ അറിയിച്ചു.
തുടര്‍ന്ന് നിയമ ഭേദഗതി ലോക്സഭയില്‍ അവതരിപ്പിച്ച് പാസാക്കിയെങ്കിലും സര്‍ക്കാര്‍ രാജ്യസഭയില്‍ വെക്കാത്തതിനാല്‍ കാലഹരണപ്പെട്ടു. ഈ നിയമ ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിക്കാന്‍ കോടതിക്കു കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഇത് പാര്‍ലമെന്റിന്റെ അധികാരമാണ്. പ്രവാസി വോട്ട് അവകാശം ഉറപ്പാക്കുന്നതിന് ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി ആവശ്യമില്ലെന്ന ഹരജിക്കാരുടെ വാദം അംഗീകരിക്കാനും ചീഫ് ജസ്റ്റിസ് തയാറായില്ല.
ദക്ഷിണ കേരളത്തില്‍ വോട്ടുള്ള ഒരു വോട്ടര്‍ ഡല്‍ഹിയിലാണ് ജോലി ചെയ്യുന്നതെങ്കില്‍ അവര്‍ക്കും വോട്ട് ചെയ്യാന്‍ സ്വന്തം ബൂത്തിലേക്ക് പോകേണ്ടിവരില്ലേ എന്ന് ചോദിച്ച ചീഫ് ജസ്റ്റിസിനോട് കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെ ഇതരസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ ക്രമീകരണം ഒരുക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അറ്റോണി ജനറല്‍ അറിയിച്ചു.
പ്രവാസി ഇന്ത്യക്കാര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണം ഒരുക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കി. തെരഞ്ഞെടുപ്പിന്റെ രഹസ്യാത്മകത നിലനിര്‍ത്തിയാകും ക്രമീകരണം ഒരുക്കുകയെന്നും അറ്റോണി ജനറല്‍ എം. വെങ്കിട്ട രമണി അറിയിച്ചു. ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഹരജികള്‍ തീര്‍പ്പാക്കുകയും ചെയ്തു.
ഹരജിക്കാരായ ഷംഷീര്‍ വയലിലിനുവേണ്ടി അഡ്വ. ഹാരിസ് ബീരാനും കേരള പ്രവാസി അസോസിയേഷനുവേണ്ടി അഭിഭാഷകരായ കുര്യാക്കോസ് വര്‍ഗീസ്, ശ്യാം മോഹന്‍ എന്നിവരും ഹാജരായി.

