ന്യൂദല്‍ഹി: കണ്ണൂരില്‍ കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തില്‍ ഇടപെടലുമായി ദേശീയ ബാലാവകാശ കമ്മീഷന്.
സംഭവത്തില്‍ ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടര്‍ക്കും കണ്ണൂര്‍ എസ്പിക്കും കമ്മിഷന് നിര്‍ദേശം നല്കി. മാദ്ധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കമ്മീഷന്റെ ഇടപെടലുണ്ടായത്. ബാലാവകാശ കമ്മീഷന് ചെയര്മാന് പ്രിയങ്ക് കനൂങ്കോ ആണ് നോട്ടീസ് നല്‍കിയത്.
കുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുമ്ബാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തണമെന്നും കമ്മീഷന് അറിയിച്ചു. എന്താണ് സംഭവിച്ചതെന്നും കേസുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കി വിശദീകരണം നല്‍കണമെന്നാണ് കമ്മീഷന്റെ ആവശ്യം. എഫ്ഐആറിന്റെ കോപ്പി അടക്കം ഉള്‍പ്പെടുത്തി വേണം റിപ്പോര്‍ട്ട് നല്കാന്.
രാജസ്ഥാന് സ്വദേശികളുടെ മകനായ ഗണേഷിന് നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാക്കുറ്റങ്ങള്‍ ചുമത്തിയാണ് തലശേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ വാഹനവും പിടിച്ചെടുത്തു.

