ന്യൂഡല്‍ഹി: സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന നിര്‍ദേശം അനുസരിക്കാതിരുന്ന കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി 25,000 പിഴ വിധിച്ചു.
ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുമ്ബോള്‍ കൃത്യമായ മാര്‍ഗനിര്‍ദേശം പാലിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നിലപാട് അറിയിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്.
ഈ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. അത് അനുസരിക്കാത്തതാണ് ജസ്റ്റിസ് സഞ്ജയ്കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ചിനെ ചൊടിപ്പിച്ചത്.
രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്കി. പിഴത്തുക അടച്ചശേഷം മാത്രമേ സത്യവാങ്മൂലം പരിഗണിക്കുകയുള്ളൂവെന്നും കോടതി അറിയിച്ചു.

