ന്യൂഡല്‍ഹി: ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ സുപ്രീംകോടതിയില്‍ എതിര്‍ത്ത് ഗുജറാത്ത് സര്‍ക്കാര്‍.
കത്തിയ ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ രക്ഷപ്പെടുന്നത് തടഞ്ഞവര്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഗുജറാത്തിന് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ജാമ്യാപേക്ഷ ഡിസംബര്‍ 15ന് കോടതി പരിഗണിക്കും.
ട്രെയിനിനു നേരെ കല്ലെറിഞ്ഞ കേസില്‍ 17-18 വര്‍ഷം ജയിലില്‍ കഴിഞ്ഞതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ തടസ്സമെന്തെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് പി.എസ്. നരസിംഹവും ഉള്‍പ്പെട്ട ബെഞ്ച് ചോദിച്ചപ്പോഴാണ് അവര്‍ കല്ലെറിഞ്ഞവര്‍ മാത്രമല്ലെന്നും കത്തുന്ന കോച്ചില്‍ നിന്ന് ആളുകള്‍ രക്ഷപ്പെടുന്നത് തടഞ്ഞവരാണെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടിയത്. സംഭവത്തില്‍ ഒാരോ പ്രതികളുടെയും പങ്ക് എന്താണെന്ന് വ്യക്തമാക്കാന്‍ സംസ്ഥാനത്തോട് കോടതി ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ജാമ്യാപേക്ഷ പരിഗണിക്കും.
കേസിലെ ഫറൂഖ് എന്ന പ്രതിയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതിയില്‍ ലിസ്റ്റ് ചെയ്തിരുന്നു. കേസ് ജനുവരിയിലേക്ക് മാറ്റാന്‍ സോളിസിറ്റര്‍ ജനറല്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ ഫറൂഖിന്റെ അഭിഭാഷകന് എതിര്‍ത്തു. 15 പ്രതികളുടെ ജാമ്യാപേക്ഷയും പരിഗണിക്കണമെന്ന് അവരുടെ അഭിഭാഷകനും ആവശ്യപ്പെട്ടു. 2018ല്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷനുകള്ക്കൊപ്പം ജാമ്യാപേക്ഷ നല്‍കിയതാണെന്നും അദ്ദേഹം അറിയിച്ചു. പ്രധാന അപ്പീലുകള്‍ക്കൊപ്പം ജാമ്യാപേക്ഷകളും പരിഗണിക്കാന്‍ ഉത്തരവിട്ട സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. എങ്കില്‍ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കേണ്ടതുണ്ടെന്ന് പറഞ്ഞ കോടതി കേസ് ഡിസംബര്‍ 15ലേക്ക് മാറ്റി.
അയോദ്ധ്യയില്‍ നിന്ന് കര്സേവകരുമായി വരികയായിരുന്നസബര്മതി എക്സ്പ്രസിന്റെ എസ് -6 കോച്ചിലുണ്ടായ തീപിടിത്തത്തില്‍ 58 പേര് കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 27ന് ഗോധ്രയിലുണ്ടായ സംഭവമാണ് ഗുജറാത്ത് കലാപത്തിലേക്ക് നയിച്ചത്. 2011 മാര്‍ച്ചില്‍ വിചാരണക്കോടതി 31 പേരെ കുറ്റക്കാരായി കണ്ടെത്തി. 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. 63 പ്രതികളെ വെറുതേ വിട്ടു. 2017ല്‍ ഗുജറാത്ത് ഹൈക്കോടതി 11 പേരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. 20 പേരുടെ ശിക്ഷ ശരിവച്ചു. ഭാര്യയുടെ അസുഖവും പെണ്മക്കള് ഭിന്നശേഷിക്കാരായതും കണക്കിലെടുത്ത് പ്രതികളിലൊരാള്‍ക്ക് സുപ്രീംകോടതി അടുത്ത മാര്‍ച്ച് വരെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

