മലപ്പുറം: നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ചേരുന്ന മുസ്ലിം ലീഗ് എംഎല്‍എമാരുടെ യോഗത്തിന് അസാധാരണ സ്വഭാവമില്ലെന്നും നിര്‍ണായക ഘട്ടങ്ങളില്‍ പണ്ടും പാര്‍ട്ടി ഇത്തരം യോഗം ചേര്‍ന്നിട്ടുണ്ടെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം.
ഇന്ന് മലപ്പുറത്ത് യോഗം നടക്കുന്ന സാഹചര്യത്തിലാണ് മാധ്യമങ്ങളോട് സെക്രട്ടറിയുടെ പ്രതികരണം. നിയമസഭാ-ലോകസഭാ സമ്മേളനങ്ങള്‍ക്ക് മുമ്ബ് ഇത്തരം യോഗം ചേരുന്നത് പാര്‍ട്ടികളുടെ സാധാരണ നടപടിയാണെന്നും ലീഗ് പുതിയ മാറ്റങ്ങള്‍ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയില്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ ലീഗ് നിലപാട് ആലോചിക്കാനാണ് യോഗം ചേരുന്നതെന്നും വിലക്കയറ്റം, വിഴിഞ്ഞം തുറമുഖം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും സലാം പറഞ്ഞു. തുറമുഖം വികസനത്തിന് അനിവാര്യമാണെന്നും എന്നാല്‍ അത് കേന്ദ്രസേനയെയോ മറ്റോ വരുത്തി സാധാരണ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്നിട്ടാകരുതെന്നും വ്യക്തമാക്കി.
മലപ്പുറം ലീഗ് ഓഫീസിലാണ് യോഗം നടക്കുന്നത്. ഇതാദ്യമായാണ് എംഎല്‍എമാരുടെ പ്രത്യേക യോഗം വിളിക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് നാളെയാണ് തുടക്കമാവുന്നത്. ഈ മാസം 15 വരെ ഒമ്ബത് ദിവസമാണ് സഭ സമ്മേളിക്കുന്നത്. സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാന്‍ വേണ്ടിയുള്ള ബില്‍ പാസാക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട.
ബില്‍ വരുമ്ബോള്‍ പ്രതിപക്ഷ നിലപാട് സര്‍ക്കാര്‍ ഉറ്റ് നോക്കുന്നുണ്ട്. ബില്ലിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞെങ്കിലും മുസ്ലിം ലീഗിന് അതിനോട് പൂര്‍ണ യോജിപ്പില്ല. സര്‍വകലാശാലകളിലെ ഗവര്‍ണറുടെ ഇടപെടലുകളില്‍ ലീഗിന് അതൃപ്തിയുണ്ട്. എന്നിരുന്നാലും ബില്ലിനെ പിന്തുണയാക്കാനുള്ള സാധ്യത കുറവാണ്. പ്രതിപക്ഷത്ത് അഭിപ്രായവ്യത്യാസമുണ്ടായാല്‍ അതിനെ ആയുധമാക്കാനാണ് സര്‍ക്കാര്‍ നീക്കം.

