ന്യൂഡല്‍ഹി: ബാബരി മസ്ജിദ് സംഘ്പരിവാര്‍ ഇല്ലാതാക്കിയിട്ട് മുപ്പതു വര്‍ഷം. ആ പേര് ഗൂഗ്ള്‍ ഇമേജസില്‍ തിരഞ്ഞാല്‍ ഇന്നും എട്ടോ പത്തോ നിരവരെ ആ മൂന്നു മിനാരങ്ങള്തന്നെ കാണാം.
തുടര്‍ന്നങ്ങോട്ട് മൂന്നു നിലയുള്ള രാമക്ഷേത്രത്തിന്റെ രൂപരേഖയും പ്രത്യക്ഷപ്പെട്ടു തുടങ്ങി. തീവ്രഹിന്ദുത്വയെ ഇന്ത്യന്‍ അധികാര രാഷ്ട്രീയത്തിന്റെ ഒന്നാംപന്തിയിലെത്തിച്ച ഈ മുപ്പതു വര്‍ഷങ്ങള്‍ക്കപ്പുറം 2024ലെ തെരഞ്ഞെടുപ്പില്‍ ഈ പുതിയ ഇമേജുകള്‍ ഇനിയും മുകളിലേക്കുയരും.
പള്ളി പൊളിച്ചുനീക്കിയ ഭൂമിയില്‍ നവചരിത്രംകൂടിയാണ് ഉയര്‍ത്തുന്നത്. പൊളിച്ച കേസും മാഞ്ഞു. ഭൂമി സമ്ബൂര്‍ണമായി ക്ഷേത്രനിര്‍മാണത്തിന് വിട്ടുകൊടുത്തുവെന്നു മാത്രമല്ല, ഒന്നൊഴിയാതെ എല്ലാ പ്രതികളെയും കുറ്റമുക്തരാക്കുകയും ചെയ്തു നീതിപീഠം. ബാബരിയുമായി ബന്ധപ്പെട്ട എല്ലാ അവകാശവാദങ്ങളെയും മൈലുകള്‍ക്കപ്പുറം അഞ്ചേക്കറിലേക്ക് ചുരുട്ടിവെക്കുകയും ചെയ്തു.
അനീതിയാല്‍ പള്ളി തകര്ക്കാനാകുമെങ്കിലും ബോധ്യങ്ങളെ തച്ചുടക്കാനാവില്ലെന്ന് സമാശ്വസിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷവും ജനാധിപത്യസമൂഹവും. ചരിത്രത്തില്‍നിന്ന് നാമൊന്നും പഠിച്ചിട്ടില്ല എന്നാണ് ചരിത്രം നമ്മെ പഠിപ്പിച്ചതെന്ന് ഈ ഡിസംബര്‍ ആറിനും അവര്‍ ഓര്‍ക്കുന്നു.

