സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ഞായറാഴ്ച രാത്രി തുടങ്ങിയ മഴ രാവിലെയും തുടരുകയാണ്.
തമിഴ്നാട്ടില്‍ കര തൊട്ട മാന്‍ഡസ് ചുഴലിക്കാറ്റ് ദുര്‍ബലമായി ചക്രവാത ചുഴിയായി മാറിയതാണ് മഴക്ക് കാരണം. ചക്രവാതചുഴി വടക്കന്‍ കേരള-കര്‍ണാടക തീരം വഴി തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പ്രവേശിച്ച് ഡിസംബര്‍ 13ഓടെ ന്യൂന മര്‍ദമായി ശക്തിപ്രാപിച്ച് ഇന്ത്യന്‍ തീരത്തുനിന്ന് അകന്നുപോകാനാണ് സാധ്യത.
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 13 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 13 വരെ മണിക്കൂറില്‍ 40-45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും മുന്നിറിയിപ്പുണ്ട്.

