ഡല്‍ഹി: ചൈനീസ് പ്രകോപനം നടന്ന അരുണാചല്‍ പ്രദേശില്‍ ഇന്ന് ഇന്ത്യ സൈനിക അഭ്യാസം ആരംഭിക്കും. സുഖോയ് ഉള്‍പ്പടെയുള്ള യുദ്ധവിമാനങ്ങള്‍ അണിനിരത്തി ആണ് ഇന്ത്യ സൈനിക അഭ്യാസം നടത്തുക.
അതേസമയം തവാങ് മേഖലയിലെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ചൈനയും നീക്കങ്ങള്‍ ശക്തമാക്കി.
ഒമ്ബതാം തിയതി ചൈനീസ് സൈന്യവും ഇന്ത്യന്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതിനു പിന്നാലെ സര്‍വ സൈനിക സന്നാഹങ്ങളും സംഘര്‍ഷ സാധ്യത മേഖലയിലേക്ക് വിന്യസിക്കുകയാണ് ഇന്ത്യ ചെയ്തത്. അസമിലെ തേസ്പൂര്‍, ചബുവ, ജോര്‍ഹട്ട്, പശ്ചിമ ബംഗാള്‍ ഹസിമാര എന്നീ വ്യോമസേന താവളങ്ങളും സൈന്യം സജ്ജമാക്കിയിട്ടുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിരീക്ഷണം നടത്താനും സൈനികാഭ്യാസ പ്രകടനങ്ങള്‍ക്കുമായി 30 പോര്‍ വിമാനങ്ങള്‍ ആണ് വ്യോമസേന അതിര്‍ത്തിയില്‍ എത്തിച്ചിരിക്കുന്നത്. ഗതാഗത വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ആളില്ലാ വിമാനങ്ങള്‍ എന്നിവയും സൈനികാഭ്യാസ പ്രകടനങ്ങളില്‍ പങ്കെടുക്കും. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്ത് ചൈനീസ് സൈന്യവും ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. ഇത് വ്യക്തമാക്കുന്ന സാറ്റ്ലൈറ്റ് ചിത്രങ്ങളും ഇന്നലെ പുറത്ത് വന്നിരുന്നു. അതിര്‍ത്തി മേഖലയിലെ ചൈനീസ് വ്യോമ താവളങ്ങളില്‍ പോര്‍ വിമാനങ്ങള്‍ക്കായി പ്രത്യേക സ്ഥലവും ചൈന തയ്യാറാക്കിയിട്ടുണ്ട്.
അതേസമയം ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര കരാറുകള്‍ വര്‍ധിച്ചതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍്റിനെ അറിയിച്ചു. ഈ സാമ്ബത്തിക വര്‍ഷം നവംബര്‍ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 9.56 ലക്ഷം കോടി രൂപയുടെ സാമ്ബത്തിക ഇടപാടുകള്‍ ആണ് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നടന്നിട്ടുള്ളത്. ഒക്ടോബര്‍ വരെ 5.69 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ മാത്രമാണ് നടന്നത്. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം നടക്കുന്നതിനിടെ ആണ് വ്യാപാര ഇടപാടുകളില്‍ 34% വര്‍ധനവ് ഉണ്ടായതായി കേന്ദ്ര സര്‍ക്കാര്‍ സഭയെ അറിയിച്ചത്. ചൈനയുമായുള്ള വ്യാപാര ഇടപാടുകള്‍ ബഹിഷ്കരിക്കാന്‍ ആംആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ ഇന്നലെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

