ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി. മഹുവ മൊയ്ത്രയുടെ പരിഹാസത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. പപ്പുവിനെ തിരയാന്‍ സ്വന്തം നാട്ടിലേക്ക് നോക്കിയാല്‍ മതിയെന്ന് നിര്‍മല സീതാരാമന് പറഞ്ഞു. ‘ഇപ്പോള്‍ ആരാണ് പപ്പു?’ എന്ന് ചോദിച്ചുകൊണ്ടുള്ള മഹുവയുടെ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളോടാണ് കേന്ദ്രധനമന്ത്രിയുടെ പ്രതികരണം. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളോട് മുഖം തിരിക്കുന്ന പശ്ചിമബംഗാള്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ലോക് സഭയില്‍ നിര്‍മല സീതാരാമന്റെ മറുപടി.
‘ആരാണ് പപ്പു എന്നും എവിടെയാണ് പപ്പുവെന്നും ബഹുമാനപ്പെട്ട അംഗം മഹുവ മൊയ്ത്ര ചോദിക്കുകയുണ്ടായി. അവര്‍ സ്വന്തം സ്വന്തം നാട്ടിലേക്ക് തന്നെ നോക്കണം. പശ്ചിമബംഗാളില്‍ തന്നെ അവര്‍ക്ക് പപ്പുവിനെ കണ്ടെത്താം. സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന മികച്ച പദ്ധതികള്‍ ഉണ്ടെന്നതില്‍ യാതൊരു സംശയവുമില്ല. ബംഗാള്‍ പക്ഷെ അവ വിതരണം ചെയ്യുന്നില്ല. നിങ്ങള്‍ മറ്റെവിടെയും പപ്പുവിനെ തിരയേണ്ടതില്ല.’. ലോക്സഭയില്‍ അധിക ഗ്രാന്റുകള്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ നിര്‍മല സീതാരാമന് പറഞ്ഞു.
‘ആരാണ് തീ കൊളുത്തിയത് എന്നതല്ല ചോദ്യം, ആരാണ് തീപ്പെട്ടി ഒരു ഭ്രാന്തനെ ഏല്‍പ്പിച്ചത് ?’എന്ന മഹുവയുടെ ചോദ്യം നിലവാരമില്ലാത്തതാണെന്ന് നിര്‍മല സീതാരാമന് പറഞ്ഞു. ജനാധിപത്യത്തില്‍ ജനങ്ങളാണ് നേതാക്കളെ തിരഞ്ഞെടുക്കുന്നത്. നേതാക്കള്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്ന് ചോദിച്ച് ജനങ്ങളെ തരംതാഴ്ത്തരുത്. ഇതില്‍ കൂടുതല്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല- മന്ത്രി കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പ്രസിദ്ധീകരിച്ച കണക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മഹുവയുടെ പ്രസംഗം. വ്യാവാസായികോത്പാദനനിരക്ക് ഒക്ടോബറില്‍ നാല് ശതമാനം കുറഞ്ഞു. 26 മാസക്കാലയളവിലെ ഏറ്റവും കുറവ് ഉത്പാദനനിരക്കാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. ഉത്പാദനമേഖലയുടെ വളര്‍ച്ചാനിരക്ക് 5.6 ശതമാനം കുറഞ്ഞു. വിദേശ നാണ്യശേഖറം കഴിഞ്ഞ ഒരുകൊല്ലത്തിനിടെ 72 ബില്യണ്‍ ഡോളറാണ് കുറവ് രേഖപ്പെടുത്തിയത്. സാമ്ബത്തിക മേഖല തകര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നിട്ടും രാജ്യം വികസനത്തിന്റെ പാതയിലാണെന്ന് മോദി സര്‍ക്കാര്‍ പ്രചരിപ്പിക്കുകയാണ്. മഹുവ കുറ്റപ്പെടുത്തി. സമ്ബദ്ഘടനയെ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമനോട് മഹുവ ആവശ്യപ്പെടുകയും ചെയ്തു.
2014 മുതലുള്ള 9 വര്‍ഷത്തിനിടെ 12.5 ലക്ഷത്തിലധികം പേര് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായും ആരോഗ്യപരമായ സാമ്ബത്തിക പരിസ്ഥിതിയോ നികുതി വ്യവസ്ഥയോ നിലനില്ക്കുന്നതിന്റെ സൂചനയാണോ ഇതെന്നും മഹുവ ചോദിച്ചു. ഇക്കാര്യം സൂചിപ്പിക്കുന്നതിനിടെയാണ് ഇപ്പോള്‍ പപ്പു ആരാണ് എന്ന് മഹുവ ചോദ്യമുയര്‍ത്തിയത്. വ്യവസായികളുടേയും സമ്ബന്നന്മാരുടേയും പ്രതിപക്ഷകക്ഷി നേതാക്കളുടേയും വീടുകളിലും സ്ഥാപനങ്ങളിലും നടക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്നും മഹുവ ആരോപിച്ചു.

