ഒഡീഷയിലെ 19 നഗരങ്ങളില്‍ 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘ഡ്രിങ്ക് ഫ്രം ടാപ്പ്’ പദ്ധതി മുഖ്യമന്ത്രി നവീന്‍ പട്നായിക് ഉദ്ഘാടനം ചെയ്തു.
ഏകദേശം 5.5 ലക്ഷത്തോളം ആളുകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. എല്ലാ കുടുംബങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നത് തന്റെ ദീര്‍ഘകാല സ്വപ്നമാണെന്നും അത് എപ്പോഴും തന്റെ സര്‍ക്കാരിന്റെ മുന്‍ഗണനയിലുള്ള കാര്യങ്ങളില്‍ ഒന്നായിരുന്നു എന്നും പരിപാടിയെ അഭിസംബോധന ചെയ്‌ത് നവീന്‍ പട്നായിക് പറഞ്ഞു.
”ജലം അമൂല്യമാണ്. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നത് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. ഒരു പുതിയ ഒഡീഷ സൃഷ്ടിക്കാനും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനും എന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മാതൃകാപരമായ ഭരണം നടത്താനും പൗര കേന്ദ്രീകൃതമായ സേവനങ്ങള്‍ നല്‍കാനും ഞങ്ങള്‍ ശ്രദ്ധിക്കുന്നു. നമ്മുടെ സംസ്ഥാനത്തെ 19 നഗരങ്ങള്‍ ഈ പദ്ധതിയില്‍ ചേരുന്നു എന്നത് അഭിമാനകരമായ നേട്ടമാണ്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന്റെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്”, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വെള്ളം പാഴാക്കരുതെന്നും നവീന്‍ പട്നായിക് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജലം അമൂല്യമാമെന്നും ഏറെ പ്രാധാന്യമുള്ള ഒരു പ്രകൃതിവിഭവമാണെന്നും അതിനാല്‍ അത് വിവേകത്തോടെ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

