മണിക്കൂറുകളോളം നഷ്ടപ്പെട്ട അരിക്കൊമ്ബന്റെ സിഗ്നല്‍ ലഭിച്ചുതുടങ്ങി. നിലവില്‍ കൊമ്ബന്‍ തമിഴ്നാട് അതിര്‍ത്തിയായ മുല്ലക്കുടിയില്‍ ആനയുണ്ടെന്നാണ് സിഗ്നല്‍ നല്‍കുന്ന വിവരം.
നേരത്തെ അരിക്കൊമ്ബന്റെ റേഡിയോ കോളര്‍ സിഗ്നല്‍ വനംവകുപ്പിന് കിട്ടുന്നുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടു മണിക്കാണ് അവസാനമായി സിഗ്നല്‍ കിട്ടിയത്. തമിഴ്നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്തായിരുന്നു അപ്പോള്‍ അരിക്കൊമ്ബന്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ കൊമ്ബന്‍ മുല്ലക്കുടിയില്‍ എത്തി.
മേഘാവൃതമായ കാലാവസ്‌ഥയും ഇടതൂര്‍ന്ന വനവും ആണെങ്കില്‍ സിഗ്നല്‍ ലഭിക്കാന്‍ കാലതാമസമുണ്ടാകും. ഇതായിരിക്കും പ്രശ്നമെന്നാണ് വനംവകുപ്പിന്റെ നിഗമനം. സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ ഡബ്ല്യൂഡബ്ല്യൂഎഫിനോട് വനംവകുപ്പ് ആവശ്യപ്പെട്ടിരുന്നു. വിഎച്ച്‌എഫ് ആന്റിന ഉപയോഗിച്ച് ട്രാക്ക് ചെയ്യാന്‍ ശ്രമവും നടക്കുകയായിരുന്നു.
അതേസമയം, അരിക്കൊമ്ബന്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അരിക്കൊമ്ബന്‍ ദൗത്യം പൂര്‍ത്തിയാക്കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിക്കും. ചിന്നക്കനാല്‍ മേഖലയില്‍ നിന്ന് അരിക്കൊമ്ബനെ മാറ്റണമെന്നായിരുന്നു ഡിവിഷന്‍ബെഞ്ചിന്‍റെ ഉത്തരവ്. പറമ്ബിക്കുളത്തിന് പകരം ആനയെ മാറ്റുന്ന സ്ഥലം വിദഗ്ധ സമിതിയുമായി ആലോചിച്ച് സര്‍ക്കാരിന് തീരുമാനിക്കാമെന്നും മാറ്റുന്ന സ്ഥലം അതീവ രഹസ്യമായി സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

