തിരുവനന്തപുരം: എഐ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളുമായി ബിജെപി ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്‍ എത്തുന്നത് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള നീക്കത്തിന്റെ ഭാഗം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശോഭ മത്സരിക്കില്ല. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടും വിധം പൊതു സമൂഹത്തില്‍ നിറയാനാണ് തീരുമാനം. ബിജെപി സംസ്ഥാന നേതൃത്വത്തിനെ പരസ്യമായി വിമര്‍ശിക്കാതെ തന്നെ കുറവുകള്‍ ചൂണ്ടിക്കാട്ടും. ഇതിന്റെ ഭാഗമാണ് എഐ ക്യമാറയിലെ കടന്നാക്രമണം. കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷ നേതാവായി മാറാനാണ് ശോഭാ സുരേന്ദ്രന്റെ ലക്ഷ്യം. സിബിഐയ്ക്ക ശോഭ പരാതിയും നല്‍കിയിട്ടുണ്ട്.
എഐ ക്യാമറ കരാറില്‍ ഉള്‍പ്പെട്ട പ്രസാഡിയോ ടെക്നോളജീസിന്റെ ഡയറക്റ്റര്‍ രാംജിത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ കിരണിന്റെ ഭാര്യ ദീപയുടെ പിതാവ് പ്രകാശ് ബാബുവിന്റെ ബിനാമി ആണെന്ന് ശോഭ ആരോപിച്ചിരുന്നു. രാംജിത്തിനെ മുന്നില്‍ നിര്‍ത്തി സര്‍ക്കാരിന്റെ പലകരാറുകളും സ്വന്തമാക്കുന്നത് പ്രകാശ് ബാബു ആണെന്നും ശോഭ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിന്റെ പ്രതിപക്ഷ നേതാക്കള്‍ ഇദ്ദേഹം പേര് പറയാതിരിക്കുന്നത് സര്‍ക്കാരിനെ സഹായിക്കാനാണെന്നും ശോഭ കൂട്ടിച്ചേര്‍ത്തു. തീവെട്ടിക്കൊള്ളയാണ് എഐ ഇടപാടിലൂടെ നടന്നതെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ വിഷയം അന്വേഷിക്കണമെന്നും ശോഭ ആവശ്യപ്പെട്ടു. ഫലത്തില്‍ ഭരണത്തിനൊപ്പം പ്രതിപക്ഷത്തേയും ശോഭ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു.
എഐ കാമറ വിവാദത്തില്‍ പ്രതിപക്ഷ നേതാക്കളെപ്പോലെ ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രനും ബിനാമിയുടെ പേര് മറച്ചുവച്ചതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതായി ദേശാഭിമാനി പോലും വാര്‍ത്ത നല്‍കി. സുരേന്ദ്രന്റെ നിലപാടുതന്നെ വൈസ് പ്രസിഡന്റും ആവര്‍ത്തിക്കണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ശാഠ്യം പിടിക്കരുത്. സംസ്ഥാന വിജിലന്‍സ് അന്വേഷണത്തില്‍ തൃപ്തിയില്ല. കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. പരസ്പര സഹായ സഹകരണ മുന്നണിപോലെയാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നത്, പ്രതിപക്ഷ നേതാവാകട്ടെ ഉപമുഖ്യമന്ത്രിയെപോലെയും. മുഖ്യമന്ത്രിക്ക് ബോണ്‍വിറ്റ നല്‍കുന്ന പണിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചെയ്യുന്നതെന്നും ശോഭ പറഞ്ഞവെന്ന് ദേശാഭിമാനിയും റി്‌പ്പോര്‍ട്ട് ചെയ്യുന്നത്.
ഇതെല്ലാം എഐ ക്യാമറാ വിവാദത്തില്‍ ശോഭയുണ്ടാക്കിയ ഇംപാക്ടാണെന്ന് ബിജെപിയില്‍ അവരെ അനുകൂലിക്കുന്നവരും വിലയിരുത്തുന്നു. വെറുതെ പത്ര സമ്മേളനം നടത്താതെ കാതലായ വിഷയങ്ങള്‍ ചര്‍ച്ചയാക്കി കൈയടി നേടാനാകും ഇനി ശോഭയുടെ ശ്രമം. ബിജെപിയില്‍ വി മുരളീധര പക്ഷം തീര്‍ത്തും ശോഭയ്ക്ക് എതിരാണ്. കെ സുരേന്ദ്രന്‍ അധ്യക്ഷനായ ശേഷം ശോഭാ സുരേന്ദ്രന് കാര്യമായ റോളുകള്‍ നല്‍കിയില്ല. ബിജെപിയുടെ കോര്‍ കമ്മറ്റിയിലോ കോര്‍ പ്ലസിലോ പോലും ശോഭയെ ഉള്‍പ്പെടുത്തിയില്ല. ഇതെല്ലാം ഒഴിവാക്കലാണെന്ന വാദമെത്തി. അപ്പോഴും കരുതലോടെയാണ് ശോഭ പ്രതികരിച്ചത്. എന്നാല്‍ ഇനി പൊതു വിഷയങ്ങളില്‍ ശക്തമായ കടന്നാക്രമണം തന്നെ ശോഭ നടത്തും.
ബിജെപിയില്‍ നിന്ന് ശോഭാ സുരേന്ദ്രന്‍ കോണ്‍ഗ്രസിലോ സിപിഎമ്മിലോ ചേരുന്ന വാര്‍ത്തകളില്‍ പരിവാര്‍ ക്യാമ്ബുകളില്‍ ചര്‍ച്ച നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് പിണറായിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസിനേയും പ്രതിപക്ഷ നേതാവിനേയും ശോഭ പരിഹസിക്കുന്നത്. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തിയതു മുതല്‍ ശോഭ പാര്‍ട്ടി പരിപാടികളില്‍ നിന്ന് അകന്നു കഴിയുകയായിരുന്നു. ഈഴവ-പിന്നാക്ക സമുദായത്തില്‍നിന്ന് കുട്ടിയായിരിക്കുമ്ബോള്‍ത്തന്നെ പരിവാര്‍പ്രസ്ഥാനങ്ങളിലൂടെ പാര്‍ട്ടിയിലേക്കെത്തിയ തന്റെ ട്രാക്ക് റെക്കോഡ് ശോഭ കേന്ദ്രനേതൃത്വത്തിനുമുന്നില്‍ എടുത്തുകാട്ടുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച മണ്ഡലങ്ങളില്‍ പാര്‍ട്ടിക്കുണ്ടാക്കിയ മുന്നേറ്റവും എടുത്തുപറയുന്നു. എന്നാല്‍ കഴക്കൂട്ടത്ത് വോട്ട് കുറഞ്ഞു. ഇതിന് പിന്നില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ അട്ടിമറിയായിരുന്നു.
കെ. സുരേന്ദ്രന് ഭീഷണിയാവുമെന്ന് കരുതിയാണ് ഇടപെട്ട് തന്നെ തഴഞ്ഞത് എന്നാണ് ശോഭയുടെ വിലയിരുത്തല്‍. പാര്‍ട്ടിയുടെ അംഗത്വവിതരണവുമായി ബന്ധപ്പെട്ട അഞ്ചംഗ ദേശീയസമിതിയില്‍വരെ ഉണ്ടായിരുന്ന തന്നെ കോര്‍കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി 2004-ല്‍ വഹിച്ചിരുന്ന സ്ഥാനങ്ങളിലേക്കാണ് മാറ്റിയതെന്ന പരാതിയും ഉയര്‍ത്തി. കഴിഞ്ഞ പുനഃസംഘടനയില്‍ അഞ്ചുവര്‍ഷം ദേശീയ നിര്‍വാഹക സമിതി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന തന്നെ ഏകപക്ഷീയമായി വൈസ് പ്രസിഡന്റായി തരം താഴ്‌ത്തുകയായിരുന്നുവെന്നാണ് ശോഭയുടെ പ്രധാന പരാതി.
ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്നു തനിക്കൊപ്പം ഒഴിവാക്കിയ എ.എന്‍.രാധാകൃഷ്ണനെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ തന്നെ ആ വേദിയില്‍ നിന്നു പുറത്താക്കി. ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്ന് ഒഴിവാക്കിയോയെന്നു ചോദിച്ചപ്പോള്‍ ‘യോഗ്യതയുടെ അടിസ്ഥാനത്തിലാണു ഭാരവാഹികളെ നിശ്ചയിച്ചത്’ എന്നാണു സുരേന്ദ്രന്‍ പ്രതികരിച്ചത്. ഇതെല്ലാം ശോഭയെ വേദനിപ്പിച്ചിരുന്നു.

