അമ്ബലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനത്തിനെത്തിയ ആരോഗ്യ മന്ത്രി വീണാജോര്‍ജിനു മുന്നില്‍ പരാതിയുമായി രോഗികളും കൂട്ടിരിപ്പുകാരും.
ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കുന്ന ചില മരുന്നുകള്‍ ഫാര്‍മസിയില്‍ നിന്ന് ലഭിക്കുന്നില്ല, ജീവനക്കാരുടെ മോശം പെരുമാറ്റം എന്നിവയായിരുന്നു പരാതിയില്‍ അധികവും. മരുന്നുകള്‍ എഴുതി നല്‍കിയ ചീട്ടുകളുടെ ചിത്രം മന്ത്രി മൊബൈല്‍ ഫോണില്‍ പകര്‍ത്തി. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മരുന്നുകളാണോ ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കുന്നതെന്ന് പരിശോധിക്കാമെന്നും മറ്റു കാര്യങ്ങളില്‍ അടിയന്തിര നടപടി സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞു.
ഔദ്യോഗിക വാഹനം ഒഴിവാക്കി ഇന്നലെ രാവിലെ 9നാണ് എച്ച്. സലാം എം.എല്‍.എ ഓടിച്ച സ്വകാര്യ വാഹനത്തില്‍ മന്ത്രി എത്തിയത്. കാര്‍ഡിയോളജി ഒ.പിയിലായിരുന്നു ആദ്യ സന്ദര്‍ശനം. തുടര്‍ന്ന് സര്‍ജറി, പീഡിയാട്രിക്, ഓര്‍ത്തോ വിഭാഗം ഒ.പികളും ലേബര്‍ റൂം, ഗൈനക്കോളജി ഒ.പികളും വാര്‍ഡുകളും സന്ദര്‍ശിച്ചു. മന്ത്രിയാണെന്ന് തിരിച്ചറിഞ്ഞതോടെ ആശുപത്രി ജീവനക്കാരും നഴ്സുമാരും സമീപമെത്തിയെങ്കിലും അവരോട് ജോലിയില്‍ തുടരാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.
ആശുപത്രിയിലും പരിസരത്തും പൊലീസ് നിരീക്ഷണം കൂടുതല്‍ ശക്തമാക്കണമെന്നും എയ്ഡ് പോസ്റ്റിലേക്ക് ആവശ്യമായ പൊലീസുകാരെ ലഭ്യമാക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കാമെന്നും മന്ത്രി അറിയിച്ചു. ഡ്യൂട്ടിക്ക് എത്തിയ ഡോക്ടര്‍മാരുടെയും ഡ്യൂട്ടി ഉണ്ടായിട്ട് എത്താതിരുന്നവരുടെയും വിവരങ്ങള്‍ രേഖാമൂലം ലഭ്യമാക്കാന്‍ മന്ത്രി ആശുപത്രി സൂപ്രണ്ടിനോട് നിര്‍ദ്ദേശിച്ചു. രോഗികള്‍ക്കും ഒപ്പമെത്തുന്നവര്‍ക്കുമായി അത്യാഹിത വിഭാഗത്തിലുള്‍പ്പടെ എം.എല്‍.എയുടെ നിര്‍ദ്ദേശാനുസരണം വരുത്തിയ നൂതന മാറ്റങ്ങളില്‍ മന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. രാവിലെ 9നാണ് മന്ത്രി എത്തിയത്. തുടര്‍ന്ന് 9.45 ഓടെ ഔദ്യോഗിക വാഹനം ആശുപത്രിയില്‍ എത്തിച്ച് മടങ്ങി. ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുള്‍ സലാം ഒപ്പമുണ്ടായിരുന്നു.

