ന്യൂഡല്‍ഹി: ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങള്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ രൂപംകൊടുത്ത സമിതികള്‍ ഭരണഘടനാപരമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.
ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള ഈ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് അനൂപ് ബറന്‍വാള്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി.
ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഗുജറാത്തിലെയും ഉത്തരാഖണ്ഡിലെയും ബി.ജെ.പി സര്‍ക്കാറുകള്‍ സമിതിയെ നിയോഗിച്ച പശ്ചാത്തലത്തിലായിരുന്നു ഹരജി. ഏക സിവില്‍ കോഡ് പഠിക്കാനുള്ള നീക്കം ഭരണഘടനാവിരുദ്ധമാണെന്ന ഹരജിയിലെ വാദം തള്ളിയ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്താണതില്‍ തെറ്റെന്ന് തിരിച്ചുചോദിച്ചു. ഭരണഘടനയുടെ 162ാം അനുച്ഛേദം നല്‍കുന്ന അധികാരമുപയോഗിച്ചാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഏക സിവില്‍ കോഡ് പഠിക്കാന്‍ സമിതിയെ ഉണ്ടാക്കിയതെന്നും ചീഫ് ജസ്റ്റിസ് തുടര്‍ന്നു. കണ്‍കറന്റ് ലിസ്റ്റിലെ അഞ്ചാമത്തേത് എന്താണെന്ന് നോക്കൂ. ഈ ഹരജി നിലനില്‍ക്കുന്നതല്ല. ഹരജി സുപ്രീംകോടതി തള്ളണോ അതോ നിങ്ങള്‍തന്നെ പിന്‍വലിക്കുന്നോ എന്ന് കോടതി ഹരജിക്കാരനോട് ചോദിച്ചു.
ഗുജറാത്തും ഉത്തരാഖണ്ഡും ഏക സിവില്‍ കോഡിന് ചട്ടക്കൂടുണ്ടാക്കാന്‍ സമിതികളെയുണ്ടാക്കിയതാണ് ഹരജിയില്‍ ചോദ്യംചെയ്തിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിയമനിര്‍മാണസഭ സംസ്ഥാനങ്ങള്‍ക്ക് എത്രത്തോളം അധികാരം നല്‍കുന്നുവെന്ന് ഭരണഘടനയുടെ 162ാം അനുച്ഛേദം സൂചിപ്പിക്കുന്നുണ്ട്. ഒരു സമിതിയുണ്ടാക്കുന്നതുതന്നെ ഭരണഘടനാവിരുദ്ധമാണെന്ന് വാദിച്ച് ചോദ്യംചെയ്യാനാവില്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. വിവാഹം, വിവാഹമോചനം, ജീവനാംശം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളില്‍ ഏകീകൃത നിയമമുണ്ടാക്കാനുള്ള അധികാരം നിയമനിര്‍മാണ സഭകള്‍ക്കാണെന്ന് വെള്ളിയാഴ്ച ബി.ജെ.പി നേതാവിന്റെ ഹരജിയില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇത് ശരിവെക്കുകയും ചെയ്തു.
ബി.ജെ.പി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി പരിഗണിക്കേണ്ടതില്ലെന്നും നിയമനിര്‍മാണ സഭകള്‍ അക്കാര്യം തീരുമാനിക്കുമെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് ബോധിപ്പിച്ചു.
ഈ വാദം ശരിവെച്ച ചീഫ് ജസ്റ്റിസ് ഇക്കാര്യം നിയമനിര്‍മാണ സഭകളുടെ അധികാരപരിധിയിലാണെന്നും പാര്‍ലമെന്റ് തീരുമാനിക്കട്ടെ എന്നും അഭിപ്രായപ്പെട്ടു. വിവാഹ, വിവാഹമോചന നിയമങ്ങള്‍ ഏകീകരിക്കണമെന്ന ആവശ്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയമ കമീഷന് സുപ്രീംകോടതി നിര്‍ദേശം നല്‍കണമെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ ആവശ്യം. അതേസമയം, ഭാര്യക്കും ഭര്‍ത്താവിനും അവരാഗ്രഹിക്കുമ്ബോള്‍ വിവാഹത്തിനും വിവാഹമോചനത്തിനും സാധ്യമാകുന്ന വിവാഹ, വിവാഹമോചന നിയമങ്ങള്‍ മുസ്‍ലിം വ്യക്തി നിയമത്തിലുള്ളതിനാല്‍ അവര്‍ക്ക് ഏകീകൃത നിയമത്തിന്റെ ആവശ്യമില്ലെന്ന് മുസ്‍ലിം ഹരജിക്കാരിക്കുവേണ്ടി ഹാജരായ അഡ്വ. ഹുസൈഫ അഹ്മദി വാദിച്ചു. തങ്ങള്‍ അതേക്കുറിച്ചല്ല പറയുന്നതെന്നും കുറെ കൂടി വിശാലമായ അര്‍ഥത്തിലാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

