പിക്സല്‍ 6എയുടെ പിന്‍ഗാമിയായി ഗൂഗിള്‍ പിക്സല്‍ 7എ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി.
ഗൂഗിള്‍ പിക്സല്‍ 7എ സ്മാര്‍ട്ട്ഫോണ്‍ ആകര്‍ഷകമായ സവിശേഷതകളുമായിട്ടാണ് വരുന്നത്. കുറഞ്ഞ വിലയില്‍ മികച്ച ക്യാമറ സെറ്റപ്പും ഡിസ്പ്ലെയും വേഗതയുള്ള പ്രോസസറും പായ്ക്ക് ചെയ്യുന്ന സ്മാര്‍ട്ട്ഫോണാണ് ഇത്. നിലവില്‍ ഫോണിന്റെ ഒരു വേരിയന്റ് മാത്രമാണ് ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഗൂഗിള്‍ പിക്സല്‍ 7എ സ്മാര്‍ട്ട്ഫോണിന് 43,999 രൂപയാണ് വില. 128 ജിബി വേരിയന്റ് മാത്രമാണ് കമ്ബനി നിലവില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫോണിന്റെ വില്‍പ്പന ഇന്ന് മുതല്‍ ആരംഭിക്കും. ലോഞ്ചിന്റെ ഭാഗമായി എച്ച്‌ഡിഎഫ്സി ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഈ മിഡ് റേഞ്ച് 5ജി സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്ന ആളുകള്‍ക്ക് 4,000 രൂപ കിഴിവ് ലഭിക്കും. ഈ ഓഫര്‍ ചേരുന്നതോടെ ഫോണിന്റെ വില 39,999 രൂപയായി കുറയുന്നു. ഫ്ലിപ്പ്കാര്‍ട്ട് വഴിയാണ് ഫോണിന്റെ വില്‍പ്പന നടക്കുന്നത്.
6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് പിക്സല്‍ 7എ സ്മാര്‍ട്ട്ഫോണിനുള്ളത്. ഡിസ്പ്ലെ പാനല്‍ ഫുള്‍ HD+ റെസല്യൂഷന്‍ സപ്പോര്‍ട്ടുമായിട്ടാണ് വരുന്നത്. 90Hz റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയ്ക്കുണ്ട്. ഡിസ്പ്ലെ പിക്സല്‍ 6എ സ്മാര്‍ട്ട്ഫോണില്‍ നിന്നും ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ട്. 6എയില്‍ 60Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലെയാണുള്ളത്. പഞ്ച്-ഹോള്‍ ഡിസൈനുള്ള ഡിസ്പ്ലെയാണ് പിക്സല്‍ 7എയില്‍ ഉള്ളത്. ഫോണിന്റെ പിന്‍ഭാഗം പിക്സല്‍ 6എയ്ക്ക് സമാനമാണ്. ഹോറിസോണ്ടലായിട്ടാണ് ക്യാമറ മൊഡ്യൂള്‍ നല്‍കിയിട്ടുള്ളത്.
പിക്സല്‍ 7എയുടെ പിന്‍ ക്യാമറ സെറ്റപ്പില്‍ 64 മെഗാപിക്സല്‍ പ്രൈമറി ക്യാമറയുണ്ട്. ഇതിനൊപ്പം 13 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് സെന്‍സറും കമ്ബനി നല്‍കിയിട്ടുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 13 മെഗാപിക്സല്‍ ക്യാമറയാണ് നല്‍കിയിട്ടുള്ളത്. മാജിക് ഇറേസര്‍, അണ്‍ബ്ലര്‍, ലോംഗ് എക്‌സ്‌പോഷര്‍ മോഡ് എന്നിവയടക്കമുള്ള ക്യാമറ സവിശേഷതകളുമായാണ് പിക്‌സല്‍ 7എ സ്മാര്‍ട്ട്ഫോണിലുള്ളത്. മികച്ച ക്യാമറ സെറ്റപ്പാണ് ഫോണിലുള്ളത്.
ഗൂഗിളിന്റെ സ്വന്തം ടെന്‍സര്‍ ജി2 ചിപ്‌സെറ്റാണ് പുതിയ പിക്‌സല്‍ 7എ സ്മാര്‍ട്ട്ഫോണിന് കരുത്ത് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫ്ലാഗ്ഷിപ്പ് ഫോണായ പിക്‌സല്‍ 7ലും ഇതേ ചിപ്പ്സെറ്റാണുള്ളത്. 8 ജിബി റാമും 128 ജിബി യുഎഫ്‌എസ് 3.1 സ്റ്റോറേജുമായി വരുന്ന പിക്സല്‍ 7എ സ്മാര്‍ട്ട്ഫോണില്‍ 4,410mAh ബാറ്ററിയുണ്ട്. 18W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടാണ് ഫോണിലുള്ളത്. വയര്‍ലെസ് ചാര്‍ജിങ്, സ്റ്റീരിയോ സ്പീക്കറുകള്‍ എന്നിവയും ഫോണില്‍ നല്‍കിയിട്ടുണ്ട്. പിക്സല്‍ 7എയില്‍ IP67 വാട്ടര്‍ റെസിസ്റ്റന്റ് റേറ്റിങ്ങും ഉണ്ട്.

