ദില്ലി: കേരളത്തില്‍ ഉള്‍പ്പടെ എല്ലാ വിഷയങ്ങളും പിബിയില്‍ ചര്‍ച്ചയ്ക്ക് എത്തുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി .
പിബി യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രനേതാക്കളെ കണ്ടു.
ഇ പി ജയരാജനെതിരെ പി ജയരാജന്‍ ആരോപണം ഉന്നയിച്ചതായുള്ള റിപ്പോര്‍ട്ടുകളെക്കുറിച്ച് നേരത്തെ സിപിഎം കേന്ദ്ര നേതൃത്വം വിവരം തേടിയിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ മടിക്കില്ല എന്ന സൂചനയാണ് സീതാറാം യെച്ചൂരി ഇന്ന് നല്‍കിയത്.
എല്ലാ വിഷയങ്ങളും പിബിക്ക് മുന്നിലുണ്ട് എന്ന യെച്ചൂരിയുടെ പ്രതികരണം സംസ്ഥാന നേതാക്കള്‍ക്കും സമ്മര്‍ദ്ദമാകും. അന്വേഷണത്തിന് പച്ചക്കൊടി കാട്ടുന്ന നിലപാടാണ് കേന്ദ്ര നേതാക്കള്‍ക്കുള്ളത്.
പൊളിറ്റ് ബ്യൂറോയുടെ അജണ്ടയില്‍ വിഷയം ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ വലിയ വിവാദമായി മാറിയ സാഹചര്യത്തില്‍ ഇക്കാര്യം അവഗണിച്ചു പോകേണ്ടതില്ല എന്ന് നേതൃത്വം കരുതുന്നു. കേന്ദ്ര നേതാക്കളുടെ നിലപാട് കൂടി അറിഞ്ഞ ശേഷമായിരിക്കും സംസ്ഥാനത്ത് തീരുമാനം എടുക്കുക.

