തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ എട്ടാംസമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തോടെ ഇന്ന് തുടങ്ങും. രാവിലെ ഒന്‍പതിനാണ് നയപ്രഖ്യാപനം. പ്രസംഗം ഗവര്‍ണര്‍ അംഗീകരിച്ചു. തിരുത്തലൊന്നും നിര്‍ദേശിക്കാതെയാണ് സമ്മേളനം അവസാനിപ്പിച്ചത്. ബജറ്റ് സമ്മേളനമാണ് ഇത്തവണ നടക്കുന്നത്. 33 ദിവസമാണ് സമ്മേളനമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ വ്യക്തമാക്കി. ഫെബ്രുവരി മൂന്നിനാണ് ബജറ്റ്. ആറുമുതല്‍ എട്ടുവരെ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും. പിന്നീടുള്ള 14 ദിവസം വിവിധ സബ്ജക്ട് കമ്മിറ്റികള്‍ ധനാഭ്യര്‍ഥനകളില്‍ സൂക്ഷ്മപരിശോധന നടത്തും.
ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെ 2023-24 വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ചചെയ്ത് പാസാക്കുന്നതിനായി സമ്മേളനം നീക്കിവെച്ചിട്ടുണ്ട്. ബജറ്റിനെക്കുറിച്ചുള്ള രണ്ട് ധനവിനിയോഗബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കേണ്ടതുണ്ട്. മാര്‍ച്ച് 30-നാണ് നിയമസഭ സമ്മേളനം അവസാനിക്കുന്നത്. തിങ്കളാഴ്ച ഗവര്‍ണറുടെ നയപ്രഖ്യാപനം കഴിഞ്ഞാല്‍ ബുധനാഴ്ച ഒരുദിവസം മാത്രമാണ് ജനുവരിയില്‍ സഭയുണ്ടാകുക. ബാക്കിദിവസം അവധിയായിരിക്കും. ഫെബ്രുവരി ഒന്നിന് വീണ്ടും തുടങ്ങുന്ന സമ്മേളനം പത്തിന് വീണ്ടും അവധിയിലേക്ക് കടക്കും. പിന്നീട് ഫെബ്രുവരി 27-ന് തുടങ്ങി മാര്‍ച്ച് 30-ന് അവസാനിക്കും.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനമാണിത്. റിപ്പബ്ലിക് ദിനം മുതല്‍ 31 വരെ ഇടവേളയാണ്. ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചര്‍ച്ച. മൂന്നിനാണ് ബജറ്റ് അവതരണം. ഫെബ്രുവരി 6 മുതല്‍ 8 വരെ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച. 13 മുതല്‍ രണ്ടാഴ്ച സബ്ജക്ട് കമ്മിറ്റികള്‍ ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മപരിശോധന നടത്തും. 2023-24 സാമ്ബത്തിക വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കാന്‍ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെ കാലയളവില്‍ 13 ദിവസം നീക്കിവച്ചിട്ടുണ്ട്.
ഈ സാമ്ബത്തികവര്‍ഷത്തെ അന്തിമ ഉപധനാഭ്യര്‍ഥനകളെയും ബജറ്റിനെയും സംബന്ധിക്കുന്ന രണ്ട് ധനവിനിയോഗ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കും. സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി നീക്കിവച്ച ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി ചേര്‍ന്ന് പിന്നീട് തീരുമാനിക്കുമെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം നിശ്ചിത സമയത്തിനകം നല്‍കണമെന്ന കാര്യം മന്ത്രിമാരുടെ ശ്രദ്ധയില്‍പെടുത്തുമെന്നും ഷംസീര്‍ വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നടത്തിക്കൊണ്ടിരിക്കുന്നതുകൊടുക്കല് വാങ്ങലുകളും ഒത്തുതീര്‍പ്പുമാണെന്ന് ആരോപിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശന് രംഗത്തുവന്നു. സര്‍ക്കാര്‍ എപ്പോഴെങ്കിലും പ്രതിക്കൂട്ടിലായാല്‍ ഉടന്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടും. മാധ്യമങ്ങളെല്ലാം അതിന് പിന്നാലെ പോകും. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടി മാത്രമാണ് ഇവര്‍ തമ്മില്‍ പോരടിക്കുന്നത്. എന്നിട്ട് എല്ലാം ഒത്തുതീര്‍പ്പാക്കും.
ഒത്തുതീര്‍പ്പ് നടത്തിയാണ് സര്‍വകലാശാലകളെ ഒരു പരുവത്തിലാക്കിയത്. സംസ്ഥാനത്തെ സിപിഎമ്മും കേന്ദ്രത്തിലെ സംഘ്പരിവാറും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്റെ തുടര്‍ച്ചയാണ് കേരളത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം. ബിജെപി വിരുദ്ധ ഭരണമുള്ള മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുമായി ഗവര്‍ണര്‍ ഏറ്റുമുട്ടുമ്ബോള്‍ ഇവിടെ ഒത്തുതീര്‍പ്പ് മാത്രമാണ് നടക്കുന്നത്. അല്ലാതെ ഗവര്‍ണറുമായി സര്‍ക്കാരിന് പ്രത്യയശാസ്ത്രപരമായ തര്‍ക്കവുമില്ല. അതുകൊണ്ട് കേന്ദ്രത്തിനെതിരായ വിമര്‍ശനം മയപ്പെടുത്തിയുള്ള നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ക്ക് നല്‍കിയത്.
നിയമസഭ സമ്മളേനത്തില്‍ നിരവധി ജനകീയ വിഷയങ്ങള്‍ പ്രതിപക്ഷത്തിന് ഉന്നയിക്കാനുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലേക്കാണ് സംസ്ഥാനം കൂപ്പ് കുത്തുന്നത്. ബജറ്റ് എന്നത് വെറും പ്രസംഗം മാത്രമായി ചുരുങ്ങാന്‍ പോകുകയാണ്. ബജറ്റില്‍ പറയുന്ന ഒരു പദ്ധതിയും നടപ്പാക്കാനുള്ള പണം സര്‍ക്കാരിന്റെ കൈവശമില്ല. നികുതി വരുമാനം കുറഞ്ഞും ദുര്ചെലവുകള് വര്‍ധിച്ചും ഖജനാവ് കാലിയായി. സംസ്ഥാനത്തെ എങ്ങനെ തകര്‍ക്കാം എന്നതിന്റെ ഉദാഹരണമാണ് സര്‍ക്കാരിന്റെ ധനകാര്യ മാനേജ്മെന്റ്. വികസന പ്രവര്‍ത്തനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും അവതാളത്തിലായിരിക്കുകയാണ്. കൊട്ടിഘോഷിക്കപ്പെട്ട കിഫ്ബി ഇനി വേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ബഫര്‍ സോണും തീരദേശ മേഖകളിലെ വിഷയങ്ങളും സര്‍ക്കാരിന്റെ സംഭരണം തകര്‍ന്ന് തരിപ്പണമായതിനെ തുടര്‍ന്ന് കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികളും സഭയില്‍ ഉന്നയിക്കും.
കേരളത്തില്‍ മുഴുവന്‍ ജപ്തി നോട്ടീസുകള്‍ പ്രവഹിക്കുകയാണ്. ജനങ്ങള്‍ കടക്കെണിയിലാണ്. അതിനൊപ്പമാണ് ഭക്ഷണത്തില്‍ മായം കലര്‍ത്തുന്ന സംഭവങ്ങളും ഉണ്ടാകുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് തകര്‍ന്നു തരിപ്പണമായി. വനാതിര്‍ത്തികളില്‍ ജീവിക്കുന്നവര്‍ പ്രതിസന്ധിയിലായിട്ടും സര്‍ക്കാര്‍ കൈയുംകെട്ടി ഇരിക്കുകയാണ്. അനാസ്ഥയും നിസംഗതയും കൊണ്ട് തികഞ്ഞ പരാജയായി സര്‍ക്കാര്‍ മാറി. രാഷ്ട്രീയ പോരാട്ടത്തിലുപരി ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് അതിന് പരിഹാരം കണ്ടെത്തുന്നതിനാണ് പ്രതിപക്ഷം പ്രാമുഖ്യം നല്‍കുന്നത്. എല്ലാത്തിലും വിമര്‍ശനങ്ങള്‍ മാത്രല്ല, ബദല്‍ നിര്‍ദേശങ്ങളും പ്രതിപക്ഷത്തിനുണ്ട്. ഇതെല്ലാം നിയമസഭയില്‍ അവതരിപ്പിക്കുമെന്നും വി.ഡി സതീശന് വ്യക്തമാക്കി.

