തിരുവനന്തപുരം: കൈക്കൂലി കേസില്‍ കുടുങ്ങിയ പ്രതിയെ രക്ഷിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അന്വേഷണം നേരിടുന്ന വിജിലന്‍സ് ഡിവൈഎസ്പി പി.
വേലായുധാന്‍ നായരെ സസ്പെന്‍ഡ് ചെയ്തു. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ സെക്രട്ടറിയാണ് സസ്പെന്‍ഡ് ചെയ്തത്. വീട്ടിലെ വിജിലന്‍സ് പരിശോധനയ്ക്കിടെ പിന്നാമ്ബുറം വഴി മുങ്ങിയ വേലായുധന് നായരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ തിരുവനന്തപുരം സ്പെഷല്‍ സെല്‍ ഡിവൈഎസ്പിയാണ് വേലായുധാന്‍ നായര്‍. കൈക്കൂലി കേസില്‍ പിടിയിലായ പത്തനംതിട്ട നഗരസഭാ സെക്രട്ടറിയെ കേസില്‍ നിന്നു രക്ഷിക്കാനായി മകന്റെ ബാങ്ക് അക്കൗണ്ടില്‍ 50,000 രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.
ഇക്കഴിഞ്ഞ 23ന് കഴക്കൂട്ടത്തെ വീട്ടിലെ വിജിലന്‍സ് റെയ്ഡിനിടെയാണ് മുങ്ങിയത്.സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ രണ്ടാം യൂണിറ്റ് റെയ്ഡ് നടത്തുമ്ബോള്‍ ഡിവൈ.എസ്.പി വീട്ടിലുണ്ടായിരുന്നു. രാത്രി ഒമ്ബതരയ്ക്ക് റെയ്ഡ് തീരാറായപ്പോള്‍, സ്റ്റേറ്റ്മെന്റുകളില് ഒപ്പിട്ട ശേഷം വേലായുധന് നായര്‍ വീടിനു പിന്നിലൂടെ കടന്നുകളയുകയായിരുന്നു. റെയ്ഡിന് നേതൃത്വം നല്കിയ വിജിലന്‍സ് എസ്.പി കഴക്കൂട്ടം സ്റ്റേഷനില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ,ഡിവൈ.എസ്.പിയെ കാണാതായെന്ന് ബന്ധുക്കളുടെ പരാതിയില്ലാത്തതിനാല്‍ അന്വേഷണമില്ലെന്ന് കഴക്കൂട്ടം പൊലീസ് വ്യക്തമാക്കുകയായിരുന്നു.റെയ്ഡില്‍ വേലായുധന് നായരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. അറസ്റ്റ് ഭയന്നാണു മുങ്ങിയതെന്നായിരുന്നു ആരോപണം.

