കൊച്ചി: മന്ത്രി വീണാ ജോര്‍ജിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു. ക്രൈം എഡിറ്റര്‍ ടി.പി നന്ദകുമാറിന്റെ പരാതിയിലാണ് കേസെടുത്തത്.
തനിക്കെതിരെ കള്ളക്കേസ് എടുക്കാന്‍ വീണാ ജോര്‍ജ് ഗൂഡാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നുമാണ് നന്ദകുമാറിന്റെ പരാതി.
പരാതിയില്‍ പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് നന്ദകുമാര്‍ എറണാകുളം എ.സി.ജെ.എം കോടതിയെ സമീപിച്ചിരുന്നു. വീണാ ജോര്‍ജിനും മറ്റ് എട്ട് പേര്‍ക്കുമെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കോടതി ഉത്തരവ് പ്രകാരം കേസെടുത്തു. വീണാ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്തിയതിന് നന്ദകുമാറിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.
വനിതാ മന്ത്രിയുടെ വ്യാജ അശ്ലീല ദൃശ്യങ്ങള്‍ ചമയ്ക്കാന്‍ നിര്‍ബന്ധിക്കുകയും അതിന് വഴങ്ങാത്തതിന് സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നന്ദകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ജീവനക്കാരി എറണാകുളം നോര്‍ത്ത് പൊലീസിലാണ് പരാതി നല്‍കിയത്. നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള ക്രൈം ഓണ്‍ലൈന്‍ എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയായിരുന്നു പരാതിക്കാരി.

