തിരുവനന്തപുരം: ഗവര്‍ണര്‍ വിഷയത്തില്‍ മുസ്ലീം ലീഗ് നിലപാടിനെ പ്രശംസിച്ച് വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദന്. ‘ഗവര്‍ണര്‍ വിഷയത്തിലും മന്ത്രി അബ്ദുറഹ്മാന് വിഷയത്തിലും ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചു’. ശരിയായ നിലപാടെടുക്കുമ്ബോള്‍ അതിനെ സ്വാഗതം ചെയ്യുമെന്നും എന്നാല്‍, അതിനെ ഇടതുമുന്നണിയിലേക്കുള്ള ക്ഷണമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
വയനാട് കല്പറ്റയില് സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി. ‘ഗവര്‍ണറുടെ വിഷയത്തില്‍ ആര്.എസ്.പിയും ലീഗും കൃത്യമായ നിലപാട് സ്വീകരിച്ചു. ഇതുമൂലമാണ് ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്നും നീക്കാനുള്ള ഓര്‍ഡിനന്‍സിനെ കോണ്‍ഗ്രസിന് അനുകൂലിക്കേണ്ടിവന്നതെന്നും’ അദ്ദേഹം പറഞ്ഞു.
‘വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് മന്ത്രി വി. അബ്ദുറഹ്മാനെ അധിക്ഷേപിച്ച വിഷയത്തിലും ലീഗ് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, ഇത്തരത്തില്‍ മതനിരപേക്ഷമായ നിലപാടിനെ സ്വാഗതം ചെയ്യുന്നത് ഇടതുമുന്നണിയിലേക്കുള്ള ക്ഷണമായി വ്യാഖ്യാനിക്കേണ്ടതില്ല’. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് ആര്.എസ്.എസിനെ പിന്തുണക്കുകയും നെഹ്റുവിനെക്കുറിച്ച് പോലും തെറ്റിദ്ധാരണ പരത്തുകയുമാണെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.

