ന്യൂ ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെഹ്ലോട്ട് മത്സരിക്കുമെന്ന് ഉറപ്പായതോടെ ഗെഹ്ലോട്ട് രാജസ്ഥാന് മുഖ്യമന്ത്രി സ്ഥാനം ഒഴിയുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമായേക്കും.
അശോക് ഗെഹ്ലോട്ടിന്റെ രാജി ഏറെക്കുറെ ഉറപ്പായതോടെ പുതിയ മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതേസമയം, രാജസ്ഥാനില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. രാജസ്ഥാന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമുണ്ടായേക്കും. ഹൈക്കമാന്‍ഡ് പ്രതിനിധികളായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അജയ് മാക്കന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍ നിര്‍ണായക തീരുമാനമുണ്ടാകുമെന്ന് വ്യക്തമാണ്.
കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭൂരിഭാഗവും ഇപ്പോഴും ഗെഹ്ലോട്ടിനൊപ്പമാണെന്നതാണ് യാഥാര്‍ത്ഥ്യം. സ്പീക്കര്‍ സി.പി ജോഷിയെ പകരക്കാരനാക്കാന്‍ ഗെഹ്ലോട്ടിന് താല്‍പ്പര്യമുണ്ട്. എന്നാല്‍ സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനാണ് ഗാന്ധി കുടുംബത്തിന് താല്‍പ്പര്യമെന്നാണ് വ്യക്തമാകുന്നത്. അതിനാല്‍ ഇന്നത്തെ യോഗം വളരെ നിര്‍ണായകമായിരിക്കും. അധ്യക്ഷ തെരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുമ്ബോള്‍ രാജസ്ഥാന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന് പൈലറ്റ് തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സച്ചിന് എംഎല്‍എമാരെ കണ്ട് പിന്തുണ തേടിയിരുന്നു. സച്ചിന് പൈലറ്റിനൊപ്പം നില്‍ക്കുമ്ബോഴും ഗെഹ്ലോട്ടിനെ പിണക്കാതെയുള്ള പരിഹാരം കണ്ടെത്താനാകും ഗാന്ധി കുടുംബം ശ്രമിക്കുക.

