ന്യൂഡല്‍ഹി: 2002ലെ ഗോധ ട്രെയിന്‍ കത്തിക്കല്‍ കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കാനാകില്ലെന്ന് വ്യക്തമാക്കി ഗുജറാത്ത് സര്‍ക്കാര്‍.
പ്രതികളുടെ ജാമ്യാപേക്ഷയില്‍ സുപ്രിംകോടതിയിലാണ് ഗുജറാത്ത് ഭരണകൂടം നിലപാട് വ്യക്തമാക്കിയത്.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യഹരജി പരിഗണിക്കുന്നത്. കേസിലെ കുറ്റാരോപിതര്‍ 17-18 വര്‍ഷത്തോളമായി ജയിലില്‍ കഴിയുകയാണെന്നും സംഭവത്തില്‍ കല്ലെറിഞ്ഞ കുറ്റം നേരിടുന്നവര്ക്കെങ്കിലും ജാമ്യം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കോടതി അറിയിച്ചിരുന്നു. ഇക്കാര്യത്തിലാണ് ഗുജറാത്ത് സര്‍ക്കാരിന്റെ നിലപാട് തേടിയത്.
എന്നാല്‍, പ്രതികള്‍ക്ക് ജാമ്യം നല്കാന് പറ്റില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കി. ഇതൊരു കല്ലെറിഞ്ഞ സംഭവം മാത്രമല്ല. കത്തിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ഇരകള്‍ രക്ഷപ്പെടുന്നത് തടയുകയായിരുന്നു. സബര്‍മതി എക്സ്പ്രസ് കത്തിച്ച ശേഷം യാത്രക്കാര്‍ രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടി കല്ലെറിയുകയായിരുന്നു. പുറത്തുനിന്ന് ആളുകള്‍ രക്ഷയ്ക്കെത്തുന്നത് തടയുകയും സംഘം ലക്ഷ്യമിട്ടെന്നും തുഷാര്‍ മേത്ത പറഞ്ഞു.
അതേസമയം, കേസില്‍ ഓരോ പ്രതികളുടെയും പങ്കിനെക്കുറിച്ച് പരിശോധിച്ച ശേഷം ജാമ്യം നല്കുന്ന കാര്യം തീരുമാനിക്കാമെന്നും മേത്ത അറിയിച്ചിട്ടുണ്ട്. ചെറിയ പങ്കേയുള്ളൂവെങ്കില് ജാമ്യം അനുവദിക്കാവുന്നതാണെന്നും സൂചിപ്പിച്ചു. തുടര്‍ന്ന് അന്വേഷണം നടത്തിയ ഈ മാസം 15ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സോളിസിറ്റര്‍ ജനറലിനോട് ആവശ്യപ്പെട്ടു.
2003 ഫെബ്രുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയോധ്യയില്‍നിന്ന് മടങ്ങുകയായിരുന്ന കര്‍സേവകരും തീര്‍ത്ഥാടകരും അടങ്ങുന്ന യാത്രക്കാരടക്കമുള്ള സബര്‍മതി എക്സ്പ്രസിന് ഗുജറാത്തിലെ ഗോധ്ര റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ച് അക്രമികള്‍ തീയിടുകയായിരുന്നു. സംഭവത്തില്‍ 29 പുരുഷന്മാരും 22 സ്ത്രീകളും എട്ടു കുട്ടികളും അടക്കം 59 പേരാണ് കൊല്ലപ്പെട്ടത്.
കേസില്‍ 11 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി 2017ല്‍ ജീവപര്യന്തമാക്കി ഇളവ് ചെയ്തിരുന്നു. 20 പേരുടെ ജീവപര്യന്തം ശരിവയ്ക്കുകയും 63 പേരെ മോചിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തു.

