തിരുവനന്തപുരം ശശി തരൂരുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിനു പിഴവു പറ്റിയെന്ന് കെപിസിസി ഭാരവാഹി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. കോഴിക്കോട്ടെ പരിപാടി വിലക്കിയത് അനാവശ്യ വിവാദം ഉണ്ടാക്കിയെന്നും തരൂരിന് അമിത പ്രാധാന്യം നല്‍കി വിഷയം വഷളാക്കി. തരൂരിനെ വിലക്കിയ നടപടി ശരിയായില്ലെന്നും ഭാരവാഹി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അദ്ദേഹത്തെ വിലക്കാന്‍ പാടില്ലായിരുന്നുവെന്നും യോഗം നിലപാടെടുത്തു.
കേരളത്തിലേക്ക് മടക്കം പ്രഖ്യാപിച്ച എം പി മാര്‍ക്കെതിരെയും കടുത്ത വിമര്‍ശനമാണ് കെ പി സി സി ഭാരവാഹി യോഗത്തില്‍ ഉണ്ടായത്. ഇനി മത്സരിക്കാനില്ലെന്ന ചില എംപിമാരുടെ നിലപാട് അംഗീകരിക്കാനാകില്ല. ഭാരവാഹി യോഗത്തില്‍ ടി.എന്‍.പ്രതാപന്‍ എംപിയുടെ പേരെടുത്തുപറഞ്ഞും വിമര്‍ശനമുയര്‍ന്നു.
സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചവരെ താക്കീത് ചെയ്യണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് കെ പി സി സി ഭാരവാഹി യോഗത്തില്‍ അംഗങ്ങള്‍ ഉയര്‍ത്തിയത്. എം പി മാരെ നിലക്ക് നിര്‍ത്തണമെന്നും ആവശ്യമുയര്‍ന്നു. എം പി മാര്‍ക്കെതിരായ തുടര്‍ നടപടി നാളെത്തെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ശേഷമാകും ഇക്കാര്യത്തില്‍ കെ പി സി സി തീരുമാനം ഉണ്ടാകുക.
അതേസമയം കെ പി സി സിയുടെ 137 രൂപ ചലഞ്ചില്‍ ക്രമക്കേടില്ലെന്ന് യോഗം വിലയിരുത്തി. കോണ്‍ഗ്രസിന്റെ 137 -ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ 137 രൂപ ചലഞ്ചില്‍ മൊത്തം പിരിഞ്ഞത് ആറു കോടിയാണെന്ന് നേതൃത്വം വ്യക്തമാക്കി. ഇത് സംബന്ധിച്ച കണക്കും നേതൃത്വം അവതരിപ്പിച്ചു.
കെ പി സി സി ട്രഷററായിരുന്ന പ്രതാപചന്ദ്രന്റെ മരണത്തെ ചലഞ്ചിനോട് ചേര്‍ത്തുവച്ച് ചിലര്‍ കഥകള്‍ മെനഞ്ഞെന്ന് നേതൃത്വം ചൂണ്ടികാട്ടി. 138 രൂപ ചലഞ്ച് ഉടന്‍ വരുമെന്നും കെ പി സി സി നേതൃത്വം വ്യക്തമാക്കി. കെ പി സി സി ഓഫീസ് നടത്തിപ്പില്‍ അടിമുടി മാറ്റംവരുത്താനും ജീവനക്കാരില്‍ ചിലരെ പിരിച്ചു വിടാനും തീരുമാനമായിട്ടുണ്ട്.

