തവാംഗ്: അരുണാചലില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മിലുള്ള സംഘര്‍ഷം തുടരുന്നു. ലഡാക്ക് മോഡല്‍ അതിര്‍ത്തി ലംഘനത്തിന് ശ്രമിച്ച മൂന്നൂറിലധികം വരുന്ന ചൈനീസ് സൈനികരെ നേരത്തെ ഇന്ത്യന്‍ സൈന്യം തുരത്തിയോടിച്ചിരുന്നു.
എന്നാല്‍ പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ തവാംഗ് മേഖലയില്‍ ചൈനയുടെ പ്രകോപനത്തെ തുടര്‍ന്ന് നിയന്ത്രണരേഖയില്‍ ജാഗ്രത തുടരുകയാണ്. കിഴക്കന്‍ ലഡാക്ക് മേഖലയിലും നിരീക്ഷണം ശക്തമാക്കി. എന്നാല്‍ പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
കഴിഞ്ഞ ദിവസം അരുണാചല്‍ പ്രദേശിലെ തവാംഗ് സെക്ടറിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയിലാണ് ചൈന കടന്നുകയറ്റ ശ്രമം നടത്തിയത്. ആണികള്‍ തറച്ച മരക്കഷ്ണവും ടേസര്‍ തോക്കുകളും ഉള്‍പ്പെടെ കൈയ്യില്‍ കരുതിയാണ് ചൈനീസ് സൈന്യമെത്തിയത്. എന്നാല്‍ 17,000 അടി ഉയരത്തിലെ മേഖല കയ്യടക്കാനുള്ള നീക്കം ഇന്ത്യന്‍ സൈനികര്‍ തകര്‍ക്കുകയായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ പ്രതിരോധം കാരണം 15 ചൈനീസ് സെനികര്‍ക്ക് പരിക്കേറ്റിരുന്നു.

