ന്യൂഡല്‍ഹി: ഗുജറാത്തില്‍ അക്കൗണ്ട് തുറന്നതോടെ ‘ദേശീയ കക്ഷി ക്ലബ്ബി’ലേക്ക് ആം ആദ്മി പാര്‍ട്ടിയും. ഇന്ന് ഫലം പുറത്തുവന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ആറു ശതമാനം വോട്ട് ലഭിച്ചതോടെയാണ് എ.എ.പി ദേശീയ പാര്‍ട്ടി അംഗീകാരത്തിന് അര്‍ഹത നേടിയത്.
ഗുജറാത്തില്‍ ആറു മണ്ഡലങ്ങളില്‍ എ.എ.പി ലീഡ് ചെയ്തുകൊണ്ടിരിക്കുകയാണ്.
നിലവില്‍ ഡല്‍ഹിയും പഞ്ചാബും ഭരിക്കുന്നത് എ.എ.പിയാണ്. കൂടാതെ ഗോവയിലും എ.എ.പിക്ക് എം.എല്‍.എമാരുണ്ട്. ഇതിന് പുറമെയാണ് ഗുജറാത്തിലും അക്കൗണ്ട് തുറന്നത്. നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയും ആറു ശതമാനം വോട്ടുമാണ് ഒരു പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി എന്ന അംഗീകാരത്തിന് വേണ്ടത്. ഗുജറാത്തില്‍ ആറുശതമാനം വോട്ട് ലഭിച്ച സ്ഥിതിക്ക് ദേശീയ കക്ഷിയാവാനുള്ള യോഗ്യത എ.എ.പിക്കായി.
ആം ആദ്മി പാര്‍ട്ടി രൂപീകരിച്ച് പത്താം വര്‍ഷത്തിലാണ്, പാര്‍ട്ടി ദേശീയ പാര്‍ട്ടി അംഗീകാരത്തിന് അര്‍ഹത നേടുന്നത്. ഇനി ദേശീയ കക്ഷി ബഹുമതിക്ക് ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷനല്‍കുകയാണ് വേണ്ടത്. രാജ്യത്ത് നിലവില്‍ ഏഴു രാഷ്ട്രീയപാര്‍ട്ടികള്‍ക്കാണ് ദേശീയ പാര്‍ട്ടി അംഗീകാരമുള്ളത്. ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.എം, ബി.എസ്.പി, എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയാണവ.
എ.എ.പിയെ ദേശീയ പാര്‍ട്ടിക്കിയതിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് ഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് ബാനറുകളും പോസ്റ്ററുകളും ഉയര്‍ന്നിട്ടുണ്ട്.

