തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ പ്രതികളായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍ നാളെ (ബുധനാഴ്ച) കോടതിയില്‍ ഹാജരാകും.
കുറ്റപത്രം വായിക്കുന്നതിന്‍റെ ഭാഗമായാണ് ഇവര്‍ കോടതിയില്‍ ഹാജരാകുന്നത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആര്‍. രേഖയാണ് കേസ് പരിഗണിക്കുന്നത്.
ബുധനാഴ്ചത്തെ കുറ്റപത്രം വായിക്കല്‍ നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന്‍റെ ഭാഗമാണ്. കേസില്‍ ആറ് പ്രതികളാണുള്ളത്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍, കെ.ടി. ജലീല്‍ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ സി.കെ സദാശിവന്‍, കെ. അജിത്ത്, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് കേസിലെ പ്രതികള്‍. വിചാരണ നടപടികളുടെ ആദ്യഘട്ടമാണ് കുറ്റപത്രം വായിച്ച് കേള്‍പ്പിക്കല്‍. ഇതിനായി ആറ് പ്രതികളും ഹാജരാകും. നേരത്തെ ആറ് പ്രതികളോടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. പക്ഷേ, ഇവരാരും ഹാജരായില്ല. തുടര്‍ന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നു. ബുധനാഴ്ച ഹാജരാകാന്‍ അന്ത്യശാസനം നല്‍കി.
2015 മാര്‍ച്ച് 13നാണ് നിയമസഭയില്‍ കയ്യാങ്കളിയുണ്ടായത്. അന്നത്തെ ധനമന്ത്രി കെ.എം. മാണി ബാര്‍ക്കോഴ കേസില്‍ അകപ്പെട്ടതിന് പിന്നാലെ ഇടതുപക്ഷം പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന ഇടത് എം.എല്‍.എമാര്‍ പ്രതിഷേധിച്ചത്. ഇത് പിന്നീട് കയ്യാങ്കളിയിലേക്കും സഭയുടെ സ്വത്തുക്കള്‍ നശിപ്പിക്കുന്നതിലേക്കും നയിച്ചു. തുടര്‍ന്ന് പൊലീസ് കേസെടുത്തു. നിയമസഭയ്ക്ക് 2,17,000 രൂപയുടെ നഷ്ടമുണ്ടായതായാണ് പൊലീസിന്റെ കണ്ടെത്തല്‍.

