ന്യൂഡല്‍ഹി: ബിബിസിയുടെ വിവാദ ഡോക്യുമെന്ററിക്കെതിരായ തന്റെ നിലപാടില്‍ ഉറച്ചു നില്ക്കുന്നുതായി കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും മുതിര്‍ന്ന നേതാവ് എ.കെ.
ആന്റണിയുടെ മകനുമായ അനില്‍ ആന്റണി. ഇന്ത്യയുടെ പരാമാധികാരത്തിന് മേലുളള കടന്നുകയറ്റമാണ് ഡോക്യുമെന്ററി എന്ന് അനില്‍ ആവര്‍ത്തിച്ചു. മുന്‍വിധികളുടെ ദീര്‍ഘ ചരിത്രമുള്ള ബ്രിട്ടീഷ് ഭരണകൂടം സ്പോണ്സര് ചെയ്യുന്ന ചാനലാണ് ബിബിസിയെന്നും ഇത് നമ്മുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നുമായിരുന്നു അനില്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്.
എന്നാല്‍ ഡോക്യുമെന്ററി യൂത്ത് കോണ്‍ഗ്രസ് പ്രദര്‍ശിപ്പിക്കുന്നതിന് താന്‍ എതിരല്ലെന്നും ഡോക്യുമെന്ററി നിരോധിക്കണമെന്ന് തനിക്ക് അഭിപ്രായമില്ലെന്നും അനില്‍ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിന്നും വിഭിന്നമായ നിലപാട് സ്വീകരിച്ചതില്‍ അനിലിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. അനില്‍ ഇപ്പോള്‍ കെപിസിസിയുടെ ഒരു സമിതിയുടേയും ഭാഗമല്ലെന്നായിരുന്നു കെ. സുധാകരന്റെ പ്രതികരണം. ഡിജിറ്റല്‍ മീഡിയ സെല്ലില്‍ പുന:സംഘടന നടക്കുകയാണെന്നും സുധാകരന് പറഞ്ഞു.
പാര്‍ട്ടി നിലപാടല്ല അനില്‍ ആന്റണി പറഞ്ഞതെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്ബിലിന്റെ പ്രതികരണം. താന്‍ പറയുന്നതാണ് യൂത്ത് കോണ്‍ഗ്രസിന്റെ നിലപാടെന്നും ഷാഫി വ്യക്തമാക്കി. അനില്‍ ആന്റണിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി നേതാക്കള്‍ രംഗത്തുവന്നിരുന്നു.
എ.കെ ആന്റണിയുടെ മകനുള്ള വിവേകബുദ്ധിപോലും രാഹുല്‍ഗാന്ധിക്കും കമ്ബനിക്കും ഇല്ലാതെ പോകുന്നു എന്നതാണ് കോണ്‍ഗ്രസിന്റെ വര്‍ത്തമാന ദുരവസ്ഥയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് കഴിഞ്ഞ ദിവസം പറഞ്ഞു. പ്രതിപക്ഷം മോദിവിരുദ്ധതയുടെ പേരില്‍ ഇന്ത്യാവിരുദ്ധമാവുന്നത് എത്രവേഗമാണെന്ന് തിരിച്ചറിയാന്‍ ഇന്ത്യന്‍ ജനതയ്ക്ക് അഞ്ഞൂറ് കിലോമീറ്റര്‍ പദയാത്രയൊന്നും നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം ഡോക്യുമെന്ററി പ്രദര്‍ശനത്തിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കി. ഇന്നലെ വൈകുന്നേരം തിരുവനന്തപുരം പൂജപ്പുരയില്‍ പോലീസ് സംരക്ഷണയില്‍ ഡിവൈഎഫ്ഐ നടത്തിയ പ്രദര്‍ശനത്തിലേക്ക് ബിജെപി മാര്‍ച്ച നടത്തി. പോലീസ് ജനപീരങ്കി പ്രയോഗിച്ചതിനെ തുടര്‍ന്ന് നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് മാനവീയം വീഥിയില്‍ നടത്തിയ പ്രദര്ശത്തിലേക്ക് യുവ മോര്‍ച്ച മാര്‍ച്ച് നടത്തിയിരുന്നു. രാഷ്ട്ര വിരുദ്ധ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാല്‍ തടയുമെന്നാണ് യുവമോര്‍ച്ച നിലപാട്.

