ഇടുക്കി: ജലനിരപ്പ് ഉയരുന്നതിനാൽ ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി. ഷട്ടറുകൾ 80 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായിരിക്കുകയാണ്. പെരിയാറിന്റെ തീരവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ അപകടസാധ്യതയില്ലെന്നാണ് അധികൃതർ പറയുന്നത്.
ഷട്ടറുകൾ 60 സെന്റിമീറ്റർ ഉയർത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, നീരൊഴുക്ക് വർധിച്ചതിനാൽ 80 സെന്റിമീറ്റർ ഉയർത്തി. ഡാമിന്റെ 2, 3, 4 ഷട്ടറുകളാണ് ഉയർത്തിയിട്ടുള്ളത്. 2385.45 അടിയാണ് അണക്കെട്ടിലെനിലവിലെ ജലനിരപ്പ്. ഇടുക്കി, കഞ്ഞിക്കുഴി, ഉപ്പുതോട്, തങ്കമണി, വാത്തിക്കുടി എന്നീ അഞ്ച് വില്ലേജുകളിലും, വാഴത്തോപ്പ്, മരിയാപുരം തുടങ്ങിയ പഞ്ചായത്തുകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

