കാഞ്ഞങ്ങാട്: പ്രതിയെ അന്വേഷിച്ചെത്തിയ പൊലീസുകാരന്റെ ദേഹത്ത് കല്ല് തള്ളിയിട്ട യുവാവിനെ അറസ്റ്റ് ചെയ്തു.
പനയാല്‍ നെല്ലിയടുക്കത്ത ഷഹീബ് എന്ന 42-കാരനെയാണ് അറസ്റ്റ് ചെയ്തത്. ചെക്ക് കേസുകളില്‍ വാറന്റുമായെത്തിയ ബേക്കല്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി. പ്രമോദിന്റെ ദേഹത്താണ് യുവാവ് കല്ല് തള്ളിയിട്ടത്. കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം നടന്നത്.
കൈക്ക് പരിക്കേറ്റ പ്രമോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാറന്റുമായെത്തിയ പൊലീസുകാരനെ കണ്ട ഷഹീബ് ഓടി, പിന്നാലെ പൊലീസുകാരനും ഓടുകയും മതില് ചാടിയ ഷഹീബ് മതിലിനു മുകളിലുണ്ടായിരുന്ന കല്ല് പൊലീസുകാരന്റെ ദേഹത്ത് തള്ളിയിടുകയുമായിരുന്നു. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച യുവാവ് ഇറങ്ങിയോടാനും ശ്രമിച്ചു. പൊലീസുകാരനെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ബേക്കല്‍ പൊലീസ് യുവാവിനെതിരെ കേസെടുത്തു.

